തൃശൂർ : വടക്കേ സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) തൃശൂർ ഈസ്റ്റ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ബസ് ജീവനക്കാരുമായി നടുറോഡിൽ തർക്കത്തിലേർപ്പെട്ട ഹരിഗോവിന്ദനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാർക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത്.
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രവീൺ എന്ന പോലീസുകാരനെയാണ് പ്രതി ആദ്യം മർദ്ദിച്ചത്. അക്രമദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച വനിതാ സിവിൽ പോലീസ് ഓഫീസറെയും ഹരിഗോവിന്ദ് കയ്യേറ്റം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പോലീസുകാരൻ പ്രവീണിനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴും ഇയാൾ അക്രമാസക്ത നായി പെരുമാറിയിരുന്നു. എന്നാൽ, പോലീസ് മുറയിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെ പ്രതിയുടെ അഹങ്കാരം മാറുകയും ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിക്കരയുകയും ചെയ്തു.
പ്രതി പോലീസിനെ ആക്രമിക്കുന്നതി ന്റെയും, തുടർന്നുള്ള അറസ്റ്റിന്റെയും, സ്റ്റേഷനിലിരുന്ന് കരയുന്നതിന്റെയും ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ പങ്കുവെച്ചു.
‘കരയാതെ കണ്ണുറങ്ങ്…’ എന്ന പ്രശസ്ത സിനിമാ ഗാനത്തിന്റെ പശ്ചാത്തലത്തി ലാണ് കേരള പോലീസിന്റെ രസകരമായ ട്രോൾ വീഡിയോ പുറത്തിറങ്ങിയത്. വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
