മാഫിയ സംഘങ്ങളെ നേരിടാന്‍ ഡാന്‍സാഫ് സംഘത്തിന് അടിയന്തര പിസ്റ്റള്‍…

തിരുവനന്തപുരം: ലഹരി വേട്ടയ്‌ക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മാഫിയ സംഘങ്ങളുടെ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി കേരള പൊലീസ്.

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡാന്‍സാഫ് (DANSAF) സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പിസ്റ്റള്‍ ഉപയോഗത്തില്‍ പ്രത്യേക പരിശീലനം നല്‍കാന്‍ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

അടിയന്തര ഘട്ടങ്ങളില്‍ പിസ്റ്റള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ എല്ലാ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തര പരിശീലനം നല്‍കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. തോക്കിന്റെ ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിങ് (വേര്‍പെടുത്തല്‍), അസംബ്ലിങ് (കൂട്ടിയോജിപ്പിക്കല്‍), കൃത്യതയാര്‍ന്ന ഫയറിങ് എന്നിവയാണ് പ്രധാനമായും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലഹരി മാഫിയ സംഘങ്ങളെ പിടികൂടാനുള്ള പരിശോധനകള്‍ക്കിടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമങ്ങള്‍ തുടര്‍ക്കഥയായ തോടെയാണ് സ്വയരക്ഷയ്ക്കും പ്രത്യാക്രമണത്തിനുമായി ഡാന്‍സാഫ് സംഘത്തെ കൂടുതല്‍ സജ്ജമാക്കാന്‍ തീരുമാനിച്ചത്. ജില്ലാതലങ്ങളില്‍ നല്‍കുന്ന ഈ പരിശീലന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സോണ്‍ ഐജിമാര്‍ക്കും റേഞ്ച് ഡിഐജിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എഡിജിപി പി. വിജയന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!