പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചകളും ചത്ത എലിയും… ആർഎംഒയെ സ്ഥലം മാറ്റി

തിരുവനന്തപുരം: പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ നടപടി. ആശുപത്രിയിലെ ആർഎംഒ ഡോ. അനിൽ രാധാകൃഷ്ണനെ പത്തനംതിട്ട ആശുപത്രിയിലേക്ക് സ്ഥലം മാറ്റി.

സ്ത്രീകളുടെ ശസ്ത്രക്രിയാ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലെ കിടക്കകളിലാണ് പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയത്. രോഗികളുടെ കൂട്ടിരിപ്പുകാർക്കായി നിലവിൽ ഉപയോഗിച്ചിരുന്ന വാർഡിലായിരുന്നു പൂച്ചകളുടെയും എലികളുടെയും സാന്നിധ്യം.

ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ മാറ്റിയിരുന്നതും ഈ കെട്ടിടത്തിലേക്കാ യിരുന്നു. മഴക്കാലത്ത് കെട്ടിടത്തിന് ചോർച്ചയുണ്ടായതിനെ തുടർന്ന് വാർഡ് അടച്ചിട്ടിരിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ കിടക്കകളിൽ പൂച്ചകളും ചത്ത എലിയും കണ്ടെത്തിയതോടെ രോഗികളും കൂട്ടിരിപ്പുകാരും കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാൻ മടിക്കുന്ന സാഹചര്യമുണ്ടായി. സംഭവത്തിൽ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിരുന്നു.

തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറും ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറുമടക്കമുള്ള ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പരിശോധന നടത്തി. കെട്ടിടം അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തുടർനടപടികൾക്കിടെയാണ് ആർഎംഒയെ സ്ഥലം മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!