ന്യൂദൽഹി : ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു. ദൽഹിയിൽ ദേശീയ വനിത കമ്മീഷൻ ദേശീയ ആസ്ഥാനത്ത് വച്ചായിരുന്നു ചടങ്ങ്.
ചുമതലയേൽക്കുന്നതിന് മുൻപ് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറുമായി കൂടിക്കാഴ്ച നടത്തി. നിയമം, ഭരണ നിർവഹണം, മാനവവിഭവശേഷി, ധനകാര്യം തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് നിവേദിത സുബ്രഹ്മണ്യം.
അണ്ണാമലൈ സർവകലാശാലയിൽ നിന്ന് തൊഴിൽ നിയമത്തിൽ എൽ.എൽ.എം., മംഗളൂരു സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി., ഐ.സി.എഫ്.എ.ഐ സർവകലാശാലയിൽ നിന്ന് മാനവവിഭവശേഷിയിൽ എം.ബി.എ. എന്നിവ നേടിയിട്ടുണ്ട്.
ചാവക്കാട് സിവിൽ, ക്രിമിനൽ കോടതികളിൽ 12 വർഷത്തിലേറെ അഭിഭാഷകയായി പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ സുപ്രീംകോടതി അംഗീകൃത മധ്യസ്ഥയായും പ്രവർത്തിക്കുന്നു. മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
സ്ത്രീകളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയ വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ നിവേദിത സുബ്രഹ്മണ്യന്റെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്താനാ കുമെന്ന് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ വ്യക്തമാക്കി.
