മുംബൈ: ക്രിക്കറ്റ് മൈതാനത്തേക്കുള്ള തിരിച്ചുവരവിനായി പരിശീലനം ശക്തമാക്കി മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യോഗ്‌രാജ് സിങ്ങിന്റെ കീഴിലാണ് അനായ ഇപ്പോൾ പരിശീലനം നടത്തുന്നത്.
പരിശീലനവുമായി ബന്ധപ്പെട്ട് യോഗ്‌രാജ് സിങ്ങുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ അനായ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ പിതാവാണ് യോഗ്‌രാജ് സിങ്. യുവരാജിനും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറിനും മുൻപ് പരിശീലനം നൽകിയിട്ടുള്ളത് യോഗ്‌രാജ് സിങ്ങാണ്.
ഓസ്‌ട്രേലിയയിൽ വനിതകളുടെ കമ്യൂണിറ്റി ക്രിക്കറ്റിൽ കളിക്കാൻ അനായയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അവിടെ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകാനാണ് താരത്തിന്റെ നീക്കം. എന്നാൽ വനിതാ ബിഗ് ബാഷ് ലീഗ് (WBBL) ഉൾപ്പെടെയുള്ള ഉന്നതതല ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിന് പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ട്രാൻസ്‌ജെൻഡർ ആൻഡ് ജെൻഡർ ഡൈവേഴ്‌സ് പ്ലേയേഴ്‌സ് ഇൻ എലൈറ്റ് ക്രിക്കറ്റ് പോളിസി പ്രകാരം, എലൈറ്റ് വനിതാ ക്രിക്കറ്റിൽ കളിക്കാൻ താരത്തിന്റെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് തുടർച്ചയായ കുറഞ്ഞത് 12 മാസക്കാലം ലീറ്ററിന് 10 നാനോമോൾസിൽ താഴെയായിരിക്കണം.
അതേസമയം, പ്രായപൂർത്തിയാകുന്ന ഘട്ടത്തിൽ പുരുഷന്മാരായിരുന്ന ട്രാൻസ്‌ജെൻഡർ താരങ്ങളെ എലൈറ്റ് വനിതാ ക്രിക്കറ്റിൽനിന്ന് വിലക്കാനുള്ള തീരുമാനം 2023ൽ ഐസിസിയും കൈക്കൊണ്ടിരുന്നു.
സഞ്ജയ് ബംഗാറിന്റെ മകനായിരുന്ന ആര്യൻ ബംഗാറാണ് പിന്നീട് അനായ എന്ന പേര് സ്വീകരിച്ച് ട്രാൻസ് വുമണായി മാറിയത്. 2024ലാണ് ഹോർമോൺ ചികിത്സ ആരംഭിച്ചതും പുതിയ പേര് സ്വീകരിച്ചതും സംബന്ധിച്ച വിവരങ്ങൾ അനായ ആദ്യമായി പുറത്തുവിട്ടത്. ഈ വർഷം മാർച്ചിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും വിധേയയായി.
നേരത്തെ മുംബൈയ്ക്കായി സർഫറാസ് ഖാനും സഹോദരൻ മുഷീർ ഖാനുമൊപ്പം ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ അനായ കളിച്ചിട്ടുണ്ട്. അന്ന് ആര്യൻ ബംഗാർ എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടിരുന്നത്. ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിലൂടെ കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാനാകു മെന്ന പ്രതീക്ഷയിലാണ് അനായ.
