കൊളത്തൂരിൽ എം.കെ. സ്റ്റാലിനെ അട്ടിമറിച്ച ടി.വി.കെ എം.എൽ.എ വി.എസ്. ബാബു അന്തരിച്ചു

ചെന്നൈ : 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തി ദേശീയ ശ്രദ്ധ നേടിയ തമിഴക വെട്രി കഴകം (ടി.വി.കെ) എം.എൽ.എ വി.എസ്. ബാബു (75) അന്തരിച്ചു.

കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സെപ്റ്റംബർ 9 മുതൽ ചെന്നൈയിലെ എം.ജി.എം ഹെൽത്ത്‌കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം,

വ്യാഴാഴ്ച (നവംബർ 19) ഉച്ചയ്ക്ക് 2.24-ഓടെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ‘പുരശൈ ബാബു’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വി. സുന്ദരമ്പിള്ള ബാബു വടക്കൻ ചെന്നൈയിലെ ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവായിരുന്നു. 2006 മുതൽ 2011 വരെ ഡി.എം.കെ ടിക്കറ്റിൽ പുരശൈവാക്കം മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്ന അദ്ദേഹം 2011 വരെ പാർട്ടിയുടെ നോർത്ത് ചെന്നൈ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.

പിന്നീട് 2016-ൽ എ.ഐ.എ.ഡി.എം.കെയിൽ ചേർന്ന ബാബു, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൽ അംഗമായത്.

2026 മെയ് മാസത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എം.കെ. സ്റ്റാലിന്റെ ഉറച്ച കോട്ടയായിരുന്ന കൊളത്തൂരിൽ 82,997 വോട്ടുകൾ നേടി 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി.എസ്. ബാബു ചരിത്രവിജയം നേടിയത്.

രണ്ട് മാസത്തിലേറെയായി ആശുപത്രിയിൽ തുടരുന്നതിനാൽ മണ്ഡലത്തിലെ പൊതുപ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതായി ചൂണ്ടിക്കാട്ടി പ്രദേശവാസികൾ അടുത്തിടെ കോടതിയെ സമീപിച്ചത് വാർത്തയായിരുന്നു.

വി.എസ്. ബാബുവിന്റെ നിര്യാണത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!