‘Dr’ പോലെ ‘Er’… എഞ്ചിനീയർമാർക്ക് ഔദ്യോഗിക അംഗീകാരം

ബംഗളൂരു : കർണാടകയിലെ എഞ്ചിനീയർമാർക്ക് ഇനി പേരിന് മുന്നിൽ ‘Er’ എന്ന വിശേഷണം ചേർക്കാം. ഡോക്ടർമാർ ‘Dr’ എന്നത് ഉപയോഗിക്കുന്നതുപോലെ എഞ്ചിനീയർമാർക്ക് ‘Er’ ഉപയോഗിക്കാൻ അനുമതി നൽകി കർണാടക സർക്കാർ ഉത്തരവിറക്കി. രാജ്യപുരോഗതിക്ക് എഞ്ചിനീയർമാർ നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി.

എഞ്ചിനീയറിങ് രംഗത്തെ അതുല്യ പ്രതിഭയായ എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇനി കർണാടകത്തിൽ ഔദ്യോഗികമായി ‘എഞ്ചിനീയേഴ്സ് ഡേ’ ആയി ആചരിക്കാനും സർക്കാർ തീരുമാനിച്ചു. വിശ്വേശ്വരയ്യയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കർണാടക ചാപ്റ്റർ ഓഫ് ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) സംഘടിപ്പിച്ച 59-ാമത് എഞ്ചിനീയേഴ്സ് ഡേ ആഘോഷത്തിൽ സംസാരിക്കവെയാ യിരുന്നു മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രഖ്യാപനം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് സെപ്റ്റംബർ 15ന് പുറത്തിറക്കി. ഇതോടെ രാജ്യത്ത് എഞ്ചിനീയർമാർക്ക് പേരിന് മുന്നിൽ ‘Er’ എന്ന വിശേഷണം ഔദ്യോഗികമായി ഉപയോഗിക്കാൻ അനുമതി നൽകുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. നേരത്തെ അധ്യാപക ർക്ക് ‘Tr’ എന്ന വിശേഷണം ഉപയോഗി ക്കാൻ കർണാടക സർക്കാർ അനുമതി നൽകിയിരുന്നു.

മാനവരാശി നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുന്നതിലും സാമൂഹിക, സാമ്പത്തിക വികസനത്തിലും എഞ്ചിനീയർമാർ നിർണായക പങ്കുവഹിക്കുന്നതായി സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. എഞ്ചിനീയർമാരെ ‘ഭാവിയുടെ ശിൽപികൾ’ എന്നും ഉത്തരവിൽ വിശേഷിപ്പിച്ചിട്ടുണ്ട്.

മൈസൂർ രാജ്യത്തിന്റെ 19-ാമത് ദിവാനായിരുന്ന കാലത്ത് എം. വിശ്വേശ്വരയ്യ നൽകിയ സംഭാവനകളും സർക്കാർ ഉത്തരവിൽ അനുസ്മരിച്ചു. കർണാടകയിൽ പ്രതിവർഷം ഒരു ലക്ഷത്തിലധികം എഞ്ചിനീയർമാർ ബിരുദം നേടി പുറത്തിറങ്ങുന്നുണ്ടെന്നും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിങ് പ്രതിഭകളുടെ കൂട്ടായ്മയുള്ള രാജ്യങ്ങളിലൊന്നാണെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.

എഞ്ചിനീയർമാരുടെ സംഭാവനകളെ അംഗീകരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. എം. വിശ്വേശ്വരയ്യ ഇന്നും എഞ്ചിനീയർമാർക്ക് പ്രചോദനമേകുന്ന മാതൃകാ വ്യക്തിത്വമാണെന്നും ശിവകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!