ന്യൂദൽഹി / തിരുവനന്തപുരം : രാജ്വായത്ത് ണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ് ഇന്ന് മുതൽ വർധിച്ചത്.
ഇതോടെ കേരളത്തിലെ വിവിധ നഗരങ്ങളിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,800 രൂപ കടന്നു.കൊച്ചിയിൽ 2,828 രൂപയും കോഴിക്കോട്ട് 2,860.50 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമാണ് പുതുക്കിയ വില.
ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ തുടങ്ങിയ സ്ഥാപനങ്ങൾ പാചക ആവശ്യങ്ങൾക്ക് പ്രധാനമായും വാണിജ്യ സിലിണ്ടറുകളെ ആശ്രയിക്കുന്നതിനാൽ വിലവർധന ചെലവ് ഉയരാൻ ഇടയാക്കും.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയും മറ്റ് ഘടകങ്ങളും പരിഗണിച്ചാണ് എണ്ണക്കമ്പനികൾ ഓരോ മാസവും ഒന്നാം തീയതി എൽപിജി വില പുനഃപരിശോധിക്കുന്നത്.
നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് ശരാശരി 100 ഡോളറിനടുത്താണ് തുടരുന്നത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് 951 രൂപയും കൊച്ചിയിൽ 949 രൂപയും കോഴിക്കോട്ട് 950.50 രൂപയുമാണ് നിലവിലെ വില.
ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഗാർഹിക എൽപിജി വിതരണത്തിൽ സിലിണ്ടറിന് ഏകദേശം 300 രൂപയുടെ നഷ്ടം നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്.
