‘റേറ്റിങ്: 0/10’…. അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ്…

കോഴിക്കോട് : വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുട്യൂബർ അശ്വന്ത് കോക്കിനെ അദ്ദേഹത്തിന്റെ സിനിമാ റിവ്യൂ ശൈലിയിൽ ട്രോളി കേരള പൊലീസ്.

സിനിമകൾക്ക് റേറ്റിങ് നൽകുന്ന രീതിയിൽ ‘റേറ്റിങ്: 0/10’ എന്ന കുറിപ്പോടെയാണ് കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് പങ്കുവെച്ചത്. ‘ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ ഫൈനും കേസും’ എന്ന പരിഹാസത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.സിനിമാ റിവ്യൂ പോസ്റ്ററുകളുടെ മാതൃകയിലുള്ള ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.

‘ഡ്രിങ്ക് & ഡ്രൈവ് ഒരു അനാവശ്യ ത്രില്ലർ’ എന്ന തലക്കെട്ടിലാണ് അശ്വന്തിന്റെ ഡ്രൈവിങ്ങിന് റേറ്റിങ് നൽകിയിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തമാശയോ സാഹസമോ അല്ലെന്നും സ്വന്തം ജീവന് പുറമെ റോഡിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയും ഇതിലൂടെ അപകടത്തിലാകുമെന്നും പൊലീസ് പോസ്റ്റിൽ പറയുന്നു.

ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ ബാധിച്ചേക്കാമെന്നും അതിനാൽ മദ്യപിച്ചാൽ ഡ്രൈവ് ചെയ്യരുതെന്നും സുരക്ഷിതമായി വീട്ടിലെത്താൻ മറ്റൊരു മാർഗം തിരഞ്ഞെടുക്കണമെന്നും പൊലീസ് സന്ദേശം നൽകി.

കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപം തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് അശ്വന്ത് കോക്ക് ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയത്. തുടർന്ന് വാഹന ഉടമകളും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയും നടക്കാവ് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് വിവിധ വാഹന ഉടമകളുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു. തുടർന്ന് അശ്വന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായാണ് റിപ്പോർട്ട്. കേരള പൊലീസിന്റെ പോസ്റ്റ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്…

‘കഥ: സ്ഥിരം അബദ്ധം, ഒട്ടും യുക്തിയില്ലാത്ത തിരക്കഥ.ക്ലൈമാക്‌സ്: ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ.പ്രൊഡക്ഷൻ കോസ്റ്റ്: പിഴ, ആശുപത്രി ചെലവ്. ഓഡിയൻസ്റെസ്‌പോൺസ്: വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും’‘സിനിമ പാളിയാൽ അടുത്ത വെള്ളിയാഴ്ച വേറെ പടംവരും. ജീവിതം പാളിയാൽ അവിടെ തീരും എല്ലാം. ദയവായി മദ്യപിച്ച് വാഹനമോടിക്കരുതെ‘….. എന്ന സന്ദേശം കമന്റ് ബോക്‌സ് വഴിയും പൊലീസ് പങ്കുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!