സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ സാങ്കേതികവിദ്യ…

എറണാകുളം : മുന്നിലെ ബസിനെ മറികടക്കാനുള്ള തിടുക്കം, പിന്നിലെ ബസിനെക്കുറിച്ചുള്ള ആശങ്ക, സമയ ക്രമത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ… സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് നിയന്ത്രണമിടാൻ പുതിയ സാങ്കേതിക സംവിധാനവുമായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി.

ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ സമയ വ്യത്യാസം റോഡിലെ സാഹചര്യത്തിനനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന ഡൈനാമിക് ടൈം ഷെഡ്യൂളിങ് സംവിധാനം നടപ്പാക്കാനാണ് നീക്കം.‘കേരള ബസ്’ പോലുള്ള മൊബൈൽ ആപ്പുകളുടെ സഹായത്തോടെ ബസുകളുടെ തത്സമയ സഞ്ചാര വിവരങ്ങൾ ശേഖരിച്ച് സമയം ക്രമീകരിക്കുകയാണ് ലക്ഷ്യം.

നിലവിൽ നഗരമേഖലയിൽ ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കിടയിൽ കുറഞ്ഞത് അഞ്ചു മിനിറ്റും ഗ്രാമീണമേഖലയിൽ പത്തു മിനിറ്റും ഇടവേള വേണമെന്നാണ് എസ്.ടി.എ.യുടെ തീരുമാനം. 2025 ഓഗസ്റ്റ് എട്ടിനായിരുന്നു ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത് .

ഗതാഗതക്കുരുക്കും യാത്രക്കാരുടെ തിരക്കും കാരണം നിശ്ചയിച്ച സമയക്രമം പ്രായോഗികമായി പാലിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. സ്ഥിരമായ ടൈംടേബിളിന് പകരം റോഡിലെ സാഹചര്യത്തിനനുസരിച്ച് സമയക്രമം മാറ്റുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്.

പുതിയ സംവിധാനത്തിലൂടെ ബസുകളുടെ തത്സമയ സ്ഥാനം മനസ്സിലാക്കി ഓരോ സ്റ്റോപ്പിലും എത്ര സമയം നിർത്തണം, എപ്പോൾ പുറപ്പെടണം തുടങ്ങിയ നിർദേശങ്ങൾ ഡ്രൈവർമാർക്ക് ഡാഷ്ബോർഡ് കൺസോൾ വഴി നൽകാനാകും.റൂട്ടിലെ മറ്റ് ബസുകളുടെ സഞ്ചാരവും പരിഗണിച്ചായിരിക്കും സമയക്രമീകരണം.യാത്രക്കാർക്കും മൊബൈൽ ആപ്പിലൂടെ ഏത് സമയത്ത് ബസ് ലഭിക്കുമെന്ന് അറിയാനാകുമെന്നാണ് പ്രതീക്ഷ.

2026 നവംബർ ഒന്നിന് കേരളപ്പിറവി ദിനം മുതൽ സംവിധാനം നിർബന്ധമാക്കണമെ ന്നാണ് നിർദേശം. പദ്ധതി നടപ്പായാൽ പുതിയ പെർമിറ്റുകൾക്ക് സമയക്രമം നിശ്ചയിക്കുന്നതിനുള്ള ദൈർഘ്യമേറിയ ടൈമിങ് കോൺഫറൻസുകൾ ഒഴിവാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.

എന്നാൽ, നിലവിലുള്ള ബസുകളിലെ സാങ്കേതിക സംവിധാനങ്ങളുടെ ഏകോപനം, ബസ് ഉടമകളുടെ എതിർപ്പ്, പുതിയ സംവിധാനം പ്രായോഗികമായി നടപ്പാക്കുന്നതിനുള്ള വെല്ലുവിളികൾ എന്നിവ പരിഹരിക്കേണ്ടതുണ്ട്. സാങ്കേതികവും പ്രായോഗികവുമായ വശങ്ങൾ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഉന്നതതല മൂന്നംഗ സമിതിയോട് എസ്.ടി.എ. നിർദേശിച്ചിട്ടുണ്ട്.

പദ്ധതിയുടെ അന്തിമ രൂപവും പ്രവർത്തനരീതിയും സംബന്ധിച്ച വ്യക്തത വരുന്നതോടെ മാത്രമേ പുതിയ സംവിധാനം എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ തീരുമാനമാകൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!