ന്യൂദൽഹി : കോൺഗ്രസ് പ്രവർത്തക സമിതിയിൽ എംപി ശശി തരൂരിനെ ട്രോളി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. എസ്ഐആർ വിഷയത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് തരൂർ പറഞ്ഞതോടെയാണ് ഖാർഗെ തരൂരിനെ ട്രോളിയത്.
പ്രതിഷേധം നടത്താം, പക്ഷേ സമര സ്ഥലത്ത് കാണണമെന്നും വിദേശത്തേക്ക് കടന്നേക്കരുതെന്നും ഖർഗെ തരൂരിനോട് പറഞ്ഞു. പ്രതിഷേധം എഴുത്തിൽ മാത്രം പോരെന്നും സൂചിപ്പിച്ചു.
കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിലും തരൂരടക്കം ഒരു വിഭാഗത്തിനെതിരെ ഖർഗെ ഒളിയമ്പെയ്തിരുന്നു. ജാതി അധിക്ഷേപത്തിൽ പാർട്ടിയിൽ നിന്ന് മതിയായ പിന്തുണ കിട്ടിയില്ലെന്ന് അന്ന് പരിഭവിച്ച ഖർഗെ മാധ്യമങ്ങളിൽ എഴുതുന്നവരും, അല്ലാതെ പ്രത്യക്ഷപ്പെടുന്നവരും സംഭവത്തെ എവിടെയും അപലപിച്ച് കണ്ടില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.
