കോട്ടയം : മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇനി സംസ്ഥാന സർക്കാരിന്റെ തൂഫാൻ വാരിയർ.
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയത്ത് സംഘടിപ്പിച്ച കാതോലിക്കേറ്റ് സ്ഥാപനവാർഷികവും, മലങ്കര നസ്രാണി യുവജനസംഗമവും ഉദ്ഘാടനം ചെയ്ത ശേഷം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് പ്രഖ്യാപനം നടത്തിയത്. തൂഫാൻ വാരിയർ ബാഡ്ജ് രമേശ് ചെന്നിത്തല സഭാധ്യക്ഷനെ ധരിപ്പിച്ചു.
കാതോലിക്കാ ബാവായ്ക്ക് പുറമേ യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് എന്നിവർക്കും തൂഫാൻ വാരിയർ ബാഡ്ജ് നൽകി.
ആഭ്യന്തരമന്ത്രിയെ രമേശ് ചെന്നിത്തല എന്നല്ല രമേശ് തൂഫാനെന്നാണ് ഇപ്പോൾ അറിയപ്പെടുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞത് സദസ് കൈയ്യടിയോടെ ഏറ്റെടുത്തു. പുതുതലമുറ നടത്തിയ ഒരു സംഭാഷണം സഭാധ്യക്ഷൻ പങ്കുവെച്ചതും സദസിൽ ചിരിപടർത്തി. കേരളത്തിന് ഇപ്പോൾ ഒരു പൂക്കി മുഖ്യമന്ത്രിയും തൂക്കി ആഭ്യന്തരമന്ത്രിയും ഉണ്ടെന്നായിരുന്നു അവരുടെ വാക്കുകൾ.
ലഹരിമാഫിയയെ ഒന്നടങ്കം തൂക്കിയ ആഭ്യന്തരമന്ത്രി എന്നായിരുന്നു വിശേഷണം. തൂക്കി എന്നത് ന്യൂജനറേഷൻ വാക്കാണെന്ന് മനസിലായപ്പോഴാണ് തനിക്ക് അർത്ഥം പിടികിട്ടിയത്. ലഹരിമാഫിയയെ പൂട്ടാൻ രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കുന്ന തൂഫാൻ ലീഡറാണ് ചെന്നിത്തലയെന്നും മലങ്കരസഭാധ്യക്ഷൻ പറഞ്ഞു.
