ഇരുതലമൂരിയെന്ന് തെറ്റിദ്ധരിച്ചു; താമരക്കുളത്ത് കണ്ടെത്തിയ പാമ്പ്..

ചാരുംമൂട് : താമരക്കുളത്ത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ പാമ്പ് ഇരുതലമൂരിയല്ല, പശ്ചിമഘട്ടത്തിന്റെ വനമേഖലയിൽ മാത്രം കണ്ടുവരുന്ന വിഷമില്ലാത്ത ‘കവചവാലൻ’ ആണെന്ന് വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം സന്ധ്യയോടെ താമരക്കുളം ജങ്ഷന് കിഴക്കുമാറിയുള്ള മണിയൻപിള്ളയുടെ സ്റ്റേഷനറി കടയുടെ തിണ്ണയിലാണ് ഒറ്റനോട്ടത്തിൽ ഇരുതലമൂരിയെന്നു തോന്നുന്ന ഈ അപൂർവ്വ അതിഥിയെ കണ്ടെത്തിയത്. കടയുടമയും നാട്ടുകാരും ചേർന്ന് ഉടൻതന്നെ ഇതിനെ ഒരു പ്ലാസ്റ്റിക് ഭരണിലാക്കി സുരക്ഷിതമാക്കി.

വിവരമറിഞ്ഞെത്തിയ വാർഡ് മെമ്പർ റെനി തോമസ് വനംവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പാമ്പിന്റെ ചിത്രങ്ങളും വീഡിയോയും അയച്ചുകൊടുത്തു. തുടർന്നാണ് പാമ്പ് ഇരുതലമൂരിയല്ലെന്നും പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന വിഷമില്ലാത്ത കവചവാലനാണെന്നും വനപാലകർ സ്ഥിരീകരിച്ചത്.

അപൂർവമായി മാത്രം നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന കവചവാലനെ വനപാലകരുടെ നിർദേശപ്രകാരം പിന്നീട് സുരക്ഷിതമായി തുറന്നുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!