തിരുവല്ല മാർത്തോമ്മാ കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഒക്ടോബർ 1-ന് തുടക്കമാകും. .1952-ൽ ആരംഭിച്ച തിരുവല്ല മാർത്തോമ്മാ കോളേജ് 75-ാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്.
1952 ജൂലൈ 10-നാണ് തിരുവല്ല മാർത്തോമ്മാ കോളേജ് പ്രവർത്തനം ആരംഭിച്ചത്. രണ്ട് ഇന്റർമീഡിയറ്റ് കോഴ്‌സുകളും 250 വിദ്യാർഥികളും 12 അധ്യാപകരുമായി വിജ്ഞാനത്തിന്റെ തിരിതെളിയിച്ച ഈ സ്ഥാപനം, കാലത്തിനൊപ്പമുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് ക്രമേണ ഉന്നത വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായി വളർന്നു. മാർത്തോമ്മാ സഭയുടെ മുൻ മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ ദിവ്യശ്രീ ഡോ. യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നേതൃത്വവും കരുതലുമാണ് കോളേജിന്റെ രൂപീകരണത്തിന് അടിത്തറ പാകിയത്.
ഡോ. യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ കോളേജിന്റെ ശിലാസ്ഥാപനം നടന്നു . തുടർന്ന്, 1952 ജൂലൈ 10-ന് കോളേജ് ഔപചാരികമായി പ്രവർത്തനം ആരംഭിച്ചു..കോളേജിന്റെ ആദ്യ പ്രിൻസിപ്പലായി മോസ്റ്റ് റവ. ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത (അന്ന് റവ. ഡോ. എം. ജി. ചാണ്ടി) സേവനമനുഷ്ഠിച്ചു. സ്ഥാപനത്തിന്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിലും അക്കാദമിക അടിത്തറ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ സേവനം നിർണായകമായിരുന്നു.
കോളേജ് രൂപീകരണ കമ്മിറ്റിയുടെ ചെയർമാനായി റൈറ്റ് റവ. മാത്യൂസ് മാർ അത്താനാസ്യോസും സെക്രട്ടറിയായി ശ്രീ കെ.കെ.കുരുവിളയും പ്രവർത്തിച്ചു. സഭാനേതൃത്വത്തിന്റെയും പ്രാദേശിക സമൂഹത്തിന്റെയും കൂട്ടായ പിന്തുണയോടെയാണ് കോളേജിന്റെ ആദ്യകാല പ്രവർത്തനങ്ങൾ മുന്നേറിയത്.
ആദ്യകാല പരിമിതികളെ അതിജീവിച്ച് പിന്നീട് ബിരുദാനന്തരപഠനങ്ങളിലേക്കും ഗവേഷണരംഗത്തേക്കും വികസിച്ചു. കേരള സർവകലാശാലയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഈ കലാലയം പിന്നീട് മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലായി. സർവകലാശാലാ സംവിധാനങ്ങളിലുണ്ടായ മാറ്റങ്ങൾക്കനുസരിച്ച് അക്കാദമിക പ്രവർത്തനങ്ങൾ വിപുലീകരിച്ചുകൊണ്ട് കോളേജ് ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ അധ്യായങ്ങൾ രചിച്ചു.
കലാലയത്തിന്റെ അക്കാദമികവും ഭൗതികവുമായ വികസനത്തിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭാനേതൃത്വത്തിന്റെ ദീർഘവീക്ഷണവും മേൽനോട്ടവും നിർണായക പങ്കുവഹിച്ചു. സ്ഥാപനത്തിന്റെ വിവിധ കാലഘട്ടങ്ങളിലായി മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത, മോസ്റ്റ് റവ. ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്ത, റൈറ്റ് റവ. തോമസ് മാർ അത്താനാസ്യോസ് സഫ്രഗൻ മെത്രാപ്പോലീത്ത, പത്മഭൂഷൺ മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പോലീത്ത, റൈറ്റ് റവ. ഗീവർഗീസ് മാർ അത്താനാസ്യോസ് എപ്പിസ്കോപ്പ, മോസ്റ്റ് റവ. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചു. ഈ പ്രൗഢമായ നേതൃത്വപാരമ്പര്യത്തിന്റെ തുടർച്ചയായി റൈറ്റ് റവ. ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത നിലവിൽ കോളേജ് മാനേജറായി സ്ഥാപനത്തിന് നേതൃത്വം നൽകുന്നു.
ആരംഭകാലത്തെ 250 വിദ്യാർഥികളിൽനിന്ന് ഇന്ന് 1000-ലധികം വിദ്യാർഥികളിലേക്കും 12 അദ്ധ്യാപകരിൽനിന്ന് 80-ലധികം അദ്ധ്യാപകരിലേക്കും വളർന്ന സ്ഥാപനത്തിൽ 45-ലധികം അനധ്യാപകരും പ്രവർത്തിക്കുന്നു. പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി ടി. കെ.യുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും വിദ്യാർഥികളുടെയും അനധ്യാപക ജീവനക്കാരുടെയും പൂർവവിദ്യാർഥികളുടെയും കൂട്ടായ്മയോടെ, പാരമ്പര്യത്തിന്റെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് സ്ഥാപനം പുതിയ കാലത്തിന്റെ സാധ്യതകളിലേക്ക് മുന്നേറുകയാണ്.
ഏഴര പതിറ്റാണ്ടിന്റെ ഈ അഭിമാനകരമായ വളർച്ചയുടെയും നേട്ടങ്ങളുടെയും സ്‌മരണ പുതുക്കിക്കൊണ്ടാണ് തിരുവല്ല മാർത്തോമ്മാ കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നത്.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ 1-ന് വൈകിട്ട് നാലിന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും . തിരുവല്ല എം.എൽ.എയും കോളേജിന്റെ പൂർവവിദ്യാർഥിയുമായ അഡ്വ. വർഗീസ് മാമ്മൻ, കോളേജ് മാനേജർ റൈറ്റ് റവ. ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, ചലച്ചിത്ര സംവിധായകനും കോളേജിന്റെ പൂർവവിദ്യാർഥിയുമായ ബ്ലെസ്സി ഐപ്പ് തോമസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കോളേജിന്റെ മുൻ പ്രിൻസിപ്പൽമാർ, പൂർവഅദ്ധ്യാപകർ, പൂർവവിദ്യാർഥികൾ എന്നിവർക്കൊപ്പം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആത്മീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരാകും.
പ്ലാറ്റിനം ജൂബിലി ഉദ്ഘാടനത്തോടനു ബന്ധിച്ച് കോളേജിന് പുതുതായി അനുവദിച്ച കോഴ്‌സുകളുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. കോളേജ് ട്രഷറർ . തോമസ് കോശി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള വിവിധ പദ്ധതികൾ അവതരിപ്പിക്കും. അഡ്വ. വർഗീസ് മാമ്മൻ എംഎൽഎ ജൂബിലി പദ്ധതികളുടെ ഉദ്ഘാടനവും, നവീകരിച്ച കോളേജ് വെബ്‌സൈറ്റിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ബ്ലെസ്സി ഐപ്പ് തോമസ് വെബ്‌സൈറ്റ് പ്രകാശനം നിർവഹിക്കും.
അക്കാദമിക, സാംസ്കാരിക, കലാ, കായിക മേഖലകളിലെ പരിപാടികൾ, പൂർവവിദ്യാർഥി സംഗമങ്ങൾ, പ്രഭാഷണങ്ങൾ, സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളെ വാർത്തെടുത്ത പാരമ്പര്യവും മാർത്തോമ്മാ കോളേജിനുണ്ട്. ശാസ്ത്ര-ഗവേഷണരംഗത്ത് ശാന്തി സ്വരൂപ് ഭട്‌നാഗർ പുരസ്‌കാര ജേതാവ് ഡോ. കെ. ജോർജ് തോമസും, വിക്രം സാരാഭായ് സ്പേസ് സെന്ററിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർമാരും പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞരുമായ ഡോ. വി. എൻ. നൈനാനും ഡോ. രാമവർമ്മയും കോളേജിന്റെ ശ്രദ്ധേയരായ പൂർവവിദ്യാർഥികളാണ്. പ്രമുഖ ഇന്ത്യൻ-അമേരിക്കൻ മെറ്റീരിയൽ സയന്റിസ്റ്റ് ഡോ. ഷൈനി വർഗീസും ഈ നിരയിലെ ശ്രദ്ധേയമായ പേരാണ്. ഭരണരംഗത്തും ശ്രദ്ധേയമായ സാന്നിധ്യം രേഖപ്പെടുത്തിയ പൂർവവിദ്യാർഥികളിൽ കൊല്ലം ജില്ലാ കളക്ടർ ആനി ജൂല തോമസ് ഐ.എ.എസ്. ഉൾപ്പെടുന്നു. കേരള ഹൈക്കോടതി ജഡ്‌ജിയായി സേവനമനുഷ്ഠിക്കുന്ന ജസ്റ്റിസ് സതീഷ് നൈനാനും മാർത്തോമ്മാ കോളേജ്, തിരുവല്ലയുടെ പൂർവവിദ്യാർഥിയാണ്. ചലച്ചിത്രരംഗത്ത് സംവിധായകരായ ജോൺ എബ്രഹാം, ബ്ലെസ്സി, സിദ്ധാർഥ ശിവ, കവിയൂർ ശിവപ്രസാദ്, നടിയും ദേശീയതലത്തിൽ ശ്രദ്ധേയയായ ചലച്ചിത്രപ്രതിഭയുമായ നയൻതാര, അഭിനേതാവ് പ്രശാന്ത് അലക്‌സാണ്ടർ, തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു, യുവസംവിധായകൻ സവിൻ എസ്. എ. (വാഴ 2 സംവിധായകൻ) തുടങ്ങിയവർ കോളേജിന്റെ പൂർവവിദ്യാർഥികളാണ്.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, മുൻ മന്ത്രിമാരായ അഡ്വ. മാത്യു ടി. തോമസ്, കെ. സി. ജോസഫ്, തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ, പത്മശ്രീ കുര്യൻ ജോൺ മേലാംപറമ്പിൽ, ആദ്യ സന്തോഷ് ട്രോഫി നേടിയ ടീമംഗം ജോൺ ജെ ജോൺ, നിലവിലെ കേരളം ഫുട്ബോൾ അസോസിയേഷൻ ട്രഷറാർ ആയ ഡോ റെജിനോൾഡ് വർഗീസ്, രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവർത്തകനുമായ ജോസഫ് സി. മാത്യു, ഐ.പി.എൽ താരം വിഷ്‌ണു വിനോദ് തുടങ്ങിയവർ ഈ നിരയിലെ ശ്രദ്ധേയരായ പേരുകളാണ്. കേരള സർവകലാശാലയുടെ വൈസ് ചാൻസലർമാരായി സേവനമനുഷ്‌ഠിച്ച ഡോ. എ. വി. വർഗീസും ഡോ. ജോൺ വർഗീസ് വിളനിലവും മാർത്തോമ്മാ കോളേജിലെ മുൻ അധ്യാപകരാണ്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയർക്ടർ ആയിരുന്ന പ്രൊഫ. തുമ്പമൺ തോമസും, ലോക ക്രൈസ്‌തവ സഭാ കൗൺസിലിന്റെ അന്താരാഷ്ട്രകാര്യ സമിതിയിൽ 1974-ൽ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന ഡോ.നൈനാൻ കോശിയും മാർത്തോമ്മാ കോളേജിൽ പൂർവാധ്യാപകരായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദൻ മാർത്തോമ്മാ കോളേജിലെ പൂർവവിദ്യാർഥിയാണ്.
ജൂബിലി വർഷത്തിൽ വിപുലമായ വികസനപദ്ധതികൾക്കാണ് കോളേജ് രൂപം നൽകിയിരിക്കുന്നത്. പ്രധാന നിർമാണ പദ്ധതിയായി ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ, ആധുനിക പരീക്ഷാ വിഭാഗം, സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ ഉൾക്കൊള്ളുന്ന പ്ലാറ്റിനം ജൂബിലി ബഹുനില സമുച്ചയം നിർമിക്കും. അതോടൊപ്പം ലൈബ്രറിയെ അത്യാധുനിക പഠനകേന്ദ്രമായി നവീകരിക്കുകയും, റൂഫ്‌ടോപ്പ് സോളാർ പാനലുകൾ സ്ഥാപിച്ച് സുസ്ഥിര ഊർജോപയോഗത്തിലേക്ക് ക്യാമ്പസിനെ കൂടുതൽ അടുപ്പിക്കുകയും ചെയ്യും. ക്യാമ്പസ് സൗന്ദര്യവൽക്കരണം, ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി കമ്പ്യൂട്ടർ ലാബുകളുടെ നവീകരണം, കോളേജ് ഗ്രൗണ്ടിനെ സമഗ്ര കായിക സൗകര്യങ്ങളുള്ള സ്പോർട്സ് സ്റ്റേഡിയമായി വികസിപ്പിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
അക്കാദമിക രംഗത്ത് തൊഴിൽസാധ്യതകൾക്കും മാറിവരുന്ന കാലത്തിന്റെ ആവശ്യങ്ങൾക്കും അനുയോജ്യമായ രണ്ട് പുതിയ ഇന്റർഡിസിപ്ലിനറി കോഴ്‌സുകൾ ആരംഭിക്കും. സാഹിത്യവും ശാസ്ത്രവും സമന്വയിപ്പിക്കുന്ന സാഹിത്യ-ശാസ്ത്രോത്സവം, വിവിധ മേഖലകളിലെ വിദഗ്ധരും ഗവേഷകരും പങ്കെടുക്കുന്ന അന്താരാഷ്ട്ര സെമിനാറുകളും പ്രഭാഷണ പരമ്പരകളും, വിദ്യാർഥികളുടെ സാങ്കേതിക നൂതനാശയങ്ങളും ഗവേഷണ നേട്ടങ്ങളും അവതരിപ്പിക്കുന്ന ദേശീയതല പ്രദർശനം എന്നിവയും സംഘടിപ്പിക്കും. ജീവശാസ്ത്രപഠനത്തിന് കൂടുതൽ പ്രയോജനകരമാകുന്ന തരത്തിൽ സുവോളജിക്കൽ മ്യൂസിയം നവീകരിക്കുന്നതിനും ക്രൈസ്തവ സാഹിത്യ സമിതിയുമായി സഹകരിച്ച് അഖിലകേരള സാഹിത്യ മത്സരം സംഘടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.
കോളേജ് പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി ടി കെ, കോളേജ് ട്രഷറർ തോമസ് കോശി, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ ഡോ.റ്റീന എലിസബത്ത്, കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ ഡോ. അന്റു അന്നം തോമസ് പ്ലാറ്റിനം ജൂബിലി കമ്മിറ്റി അംഗങ്ങളായ മനേഷ് ജേക്കബ്ബ്, ഡോ. കെസിയ മേരി ഫിലിപ്പ്, ഷീബ കെ ജേക്കബ്ബ്, ക്യാപ്റ്റൻ. റെയ്സൺ സാം രാജു, അനു അൻ ജയിംസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
