ദീപാവലിക്ക് മുന്‍പേ ഡല്‍ഹിയില്‍ വിഷപ്പുക; ആശുപത്രികളില്‍ രോഗികള്‍ കൂടി, നിയന്ത്രണങ്ങള്‍ കടുപ്പിച്ചു…

ന്യൂഡല്‍ഹി: ദീപാവലിക്ക് മുമ്പുതന്നെ രൂക്ഷമായ വായുമലിനീകരണത്തിന്റെ പിടിയിലായി ഡല്‍ഹിയും ദേശീയ തലസ്ഥാന മേഖലയായ എന്‍സിആറും. വായുഗുണനിലവാരം അപകടകരമായ നിലയിലേക്ക് താഴ്ന്നതോടെ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പങ്കുവച്ച് എയിംസ് മുന്‍ ഡയറക്ടറും പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ. രണ്‍ദീപ് ഗുലേറിയ രംഗത്തെത്തി.

ഡല്‍ഹിയിലെ നിലവിലെ വായുമലിനീകരണത്തെ ‘നിശ്ശബ്ദ പകര്‍ച്ചവ്യാധി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

വായുമലിനീകരണത്തെ തുടര്‍ന്ന് ആശുപത്രികളിലെ ഒപി വിഭാഗങ്ങളിലും അത്യാഹിത വിഭാഗങ്ങളിലും ശ്വാസതടസ്സവുമായി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായതായി ഡോ. ഗുലേറിയ പറഞ്ഞു. ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ, ഹൃദ്രോഗം തുടങ്ങിയവയുള്ളവരില്‍ ശ്വാസതടസ്സവും നെഞ്ചിലെ അസ്വസ്ഥതയും കൂടുകയാണ്. എന്നാല്‍ നേരത്തെ ആരോഗ്യപ്രശ്‌നങ്ങളൊ ന്നുമില്ലാത്തവരിലും തൊണ്ടയിലെ അസ്വസ്ഥത, ചുമ, ശ്വാസംമുട്ടല്‍, ശ്വാസം പുറത്തുവിടുമ്പോഴുള്ള വിസില്‍ ശബ്ദം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

വായുമലിനീകരണം ശ്വാസനാളങ്ങളെ ബാധിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. കുട്ടികളും പ്രായമായവരുമാണ് കൂടുതല്‍ അപകടസാധ്യത നേരിടുന്നത്. ദീര്‍ഘകാലം മലിനവായു ശ്വസിക്കുന്നത് ശ്വാസകോശ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഇന്ത്യയിലും വിദേശത്തും നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പുകവലിക്കാത്തവരിലും ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. സൂക്ഷ്മകണങ്ങള്‍ ശ്വാസകോശത്തിലെ കോശങ്ങളില്‍ മാറ്റങ്ങള്‍ക്കും ജനിതകതലത്തിലുള്ള തകരാറുകള്‍ക്കും കാരണമാകാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വായുമലിനീകരണം ഹൃദയാഘാതത്തിനും കാരണമാകാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വായുവിലെ പിഎം 2.5 സൂക്ഷ്മകണങ്ങള്‍ ശ്വാസകോശത്തില്‍നിന്ന് രക്തത്തിലേക്ക് കടക്കുകയും രക്തക്കുഴലുകളില്‍ വീക്കം സൃഷ്ടിക്കുകയും ചെയ്യാം. ഇത് ഹൃദയസംബന്ധമായ ഗുരുതര പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!