തൊടുപുഴ : യുവതിയെ കൊലപ്പെടുത്തി മാറിടം മുറിച്ചുമാറ്റിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ കോടതി കണ്ടെത്തി. തൊടുപുഴ വണ്ടമറ്റം പടികുഴയിൽ ഗിരോഷ് (39)നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി 10-ന് ഉണ്ടാകും.
ഇരുമ്പുപാലം പതിനാലാംമൈൽ ചാരുവിള പുത്തൻവീട്ടിൽ സെലീന (38)യെയാണ് ഇയാൾ അരുംകൊല ചെയ്തത്. കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, കവർച്ച എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
2017 ഒക്ടോബർ 10-നായിരുന്നു കൊലപാതകം. മുൻവിരോധമാണ് കാരണം. 2015-ലാണ് ഇതിന് തുടക്കം. ആസമയം പ്രതി അടിമാലിയിൽ ഒരുസ്ഥാപനം നടത്തുകയായിരുന്നു. അവിടെവെച്ച് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ഗോത്രവർഗ പെൺകുട്ടിയുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. പിന്നീട് ഗിരോഷ് ബന്ധത്തിൽനിന്ന് പിൻമാറാൻ ഒരുങ്ങി. പൊതുപ്രവർത്തക കൂടിയായ സെലീന ഇടപെട്ട് നിർബന്ധപൂർവം വിവാഹം നടത്തി.
സെലീനയും പ്രതിയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. ഗിരോഷിന്റെ പേരിൽ എടുത്ത വായ്പ സെലീന തിരിച്ചടയ്ക്കാതെവന്നു. അതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും ആഗ്രഹിച്ച പരിഹാരം ഉണ്ടായില്ല. പ്രതിയുടെ ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സെലീനയോട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതെല്ലാമാണ് വിരോധകാരണമായി പ്രോസിക്യൂഷൻ പറയുന്നത്.
സംഭവദിവസം ഉച്ചയോടെ ബൈക്കിൽ സെലീനയുടെ വീട്ടിലെത്തിയ പ്രതി കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ പലപ്രാവശ്യം കുത്തിക്കൊലപ്പെടുത്തി. പിന്നീടുപോയ പ്രതി ഉച്ചകഴിഞ്ഞ് മൂന്നോടെ തിരിച്ചെത്തി. സെലീനയുടെ ഇടതുമാറിടം മുറിച്ച് ബാഗിലാക്കി തൊടുപുഴയിലെ വീട്ടിലേക്കുപോയി.
മത്സ്യവ്യാപാരിയായ സെലീനയുടെ ഭത്താവ് സിയാദ് രാത്രി 7.45-ന് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പോലീസ് സി.സി.ടി.വി. പരിശോധിച്ചപ്പോൾ പ്രതി രണ്ടുപ്രാവശ്യം സ്ഥലത്തെത്തിയതായി മനസ്സിലായി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പടിഞ്ഞാറെ കോടിക്കുളം ഭാഗത്തുനിന്ന് ഇയാളെ പിടികൂടി.
അറുത്തുമാറ്റിയ മാറിടവും സ്വർണം എന്നുകരുതി കൊലയ്ക്കുശേഷം മൃതദേഹത്തിൽനിന്ന് അപഹരിച്ച മാലയും താലിയും പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെത്തി. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുന്നിനും 34 സാക്ഷികളെ വിസ്തരിച്ചു. 41 പ്രമാണങ്ങളും 15 തൊണ്ടിമുതലുകളും ഹാജരാക്കി.
സെലീനയുടെ വീടിന്റെ പരിസരത്തുനിന്ന് ശേഖരിച്ച മണ്ണും പ്രതിയുടെ ചെരിപ്പിനടിയിൽനിന്ന് ലഭിച്ച മണ്ണും ശാസ്ത്രീയപരിശോധന നടത്തിയപ്പോൾ സാമ്യം തെളിഞ്ഞു.അടിമാലി സി.ഐ. ആയിരുന്ന പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണംനടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പ്രോസിക്യൂട്ടർ അഡ്വ. എസ്.എസ്. സനീഷ് ഹാജരായി.
