ശ്രുതിക്ക് കൂട്ടായി സന്ദീപ്; ഗുരുവായൂരില്‍വച്ച് ജീവിതത്തിന്റെ പുതിയ തുടക്കം; രക്ഷിതാവായി മുന്‍മന്ത്രി കെ രാജന്‍…

ഗുരുവായൂർ : വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെ നഷ്ടമായ ശ്രുതി സുരേഷിന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിന് ഇന്ന് തുടക്കം. സ്വന്തം ജീവിതത്തില്‍ ഏറ്റുവാങ്ങിയ ദുരന്തങ്ങളെ അതിജീവിച്ച ശ്രുതി ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതയായി. വയനാട് കളക്ടറേറ്റിലെ റവന്യൂ ജീവനക്കാരനായ സന്ദീപ് ശങ്കരനാണ് വരന്‍.

കിഴക്കെ നടയിലെ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. രക്ഷാകര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് എല്ലാത്തിനും മേല്‍നോട്ടം വഹിച്ചത് മുന്‍ റവന്യൂ മന്ത്രി കെ രാജന്‍ ആയിരുന്നു. എല്ലാവര്‍ക്കും സന്തോഷകരമായ അനുഭവമാണ് ശ്രുതിയുടെ വിവാഹമെന്ന് കെ രാജന്‍ പറഞ്ഞു.

എല്ലാഘടത്തിലും അവര്‍ക്കൊപ്പമുണ്ടാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരുമിച്ച് ജോലി ചെയ്യുന്ന ആളുടെ കൈയില്‍ ഏല്‍പ്പിച്ചപ്പോള്‍ വളരെ സന്തോഷമെന്നും രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വളരെ സന്തോഷമുണ്ട് ഈ നിമിഷത്തില്‍ എന്നായിരുന്നു വിവാഹശേഷം ശ്രുതിയുടെ പ്രതികരണം. ‘എല്ലാം അറിഞ്ഞ് എന്റെ കൈപിടിച്ചയാളാണ്. മുന്നോട്ട് ഇനി നല്ല ജീവിതവും സന്തോഷവും ഉണ്ടാകട്ടെ എന്നുപ്രാര്‍ഥിക്കുന്നു’ ശ്രുതി പറഞ്ഞു.

വിധിയുടെ ക്രൂരത

ഒരു നാടിനെയാകെ തുടച്ചുനീക്കിയ ചൂരല്‍മല ഉരുള്‍പൊട്ടലിലാണ് ശ്രുതിയുടെ ലോകം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായത്. അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ 9 പേരെയാണ് ആ ദുരന്തത്തില്‍ ശ്രുതിക്ക് നഷ്ടമായത്. പിന്നീട് ആ പെണ്‍കുട്ടിക്ക് ആകെയുണ്ടായിരുന്ന പ്രതീക്ഷയും തണലും പ്രിയപ്പെട്ട ജെന്‍സനായിരുന്നു. എന്നാല്‍ വിധി അവിടെയും ശ്രുതിയോട് കരുണ കാണിച്ചില്ല. വിവാഹം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ ജെന്‍സനെയും മരണം കവര്‍ന്നെടുത്തു.

ഒന്നിനുപുറകെ ഒന്നായി വന്ന ദുരന്തങ്ങളില്‍ പകച്ചുപോയ ശ്രുതിയെ കേരളം ഒന്നാകെയാണ് നെഞ്ചോട് ചേര്‍ത്തത്. ജീവിതത്തില്‍ തികച്ചും ഒറ്റപ്പെട്ടുപോയ ശ്രുതിയെ സംസ്ഥാന സര്‍ക്കാര്‍ റവന്യൂ വകുപ്പില്‍ ജോലി നല്‍കി ചേര്‍ത്തുപിടിച്ചു. ഇപ്പോള്‍, തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളെ പിന്നിലുപേക്ഷിച്ച് സന്ദീപിന്റെ കൈപിടിച്ച് പുതിയൊരു ജീവിതം തുടങ്ങുകയാണ് ശ്രുതി.

സങ്കടക്കടല്‍ താണ്ടി ജീവിതത്തിലേക്ക് കടക്കുന്ന ശ്രുതിക്ക് എല്ലാവിധ പിന്തുണയും ആശംസകളുമായി നാടും ഒപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!