തിരുവനന്തപുരം: പുതിയ മദ്യനയം വരുന്നതുവരെ ബാറുകള്‍ക്ക് ലൈസൻസ് നല്‍കരുതെന്ന നിർദേശവുമായി നികുതി വകുപ്പ്. സർക്കാർ നിർദേശം ലഭിക്കാതെ മദ്യ വ്യാപാരത്തിനുള്ള ലൈസൻസ് നല്‍കരുതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കർശന നിർദേശം നല്‍കിയത്.
അതേസമയം സാംബശിവ റാവുവിന് പകരം പുതിയ കമ്മീഷണറെ കണ്ടെത്താനുള്ള ചർച്ചകളും സജീവമാണ്. മൂന്നുപേർ ചുരുക്കപ്പട്ടികയില്‍ ഉണ്ടെന്നാണ് സൂചന. തിങ്കളാഴ്ചയോടെ പുതിയ കമ്മീഷണറെ പ്രഖ്യാപിക്കാനാണ് സാധ്യത.
സാംബ ശിവറാവു എസ്‍സി എസ്‍ടി വികസന സ്പെഷ്യല്‍ സെക്രട്ടറിയായി ഇന്ന് ചുമതല ഏറ്റെടുത്തേക്കും .
അതേസമയം എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി ആരോപണവുമായി എസ്. സാംബശിവ റാവു രംഗത്തെത്തി. ബാർ ലൈസൻസ് അനുവദിച്ചതില്‍ ജോയിന്‍റ് കമ്മീഷണർ വിനോദ്, ഡെപ്യൂട്ടി കമ്മിഷണർ അജയ് എന്നിവർ കൈക്കൂലി വാങ്ങിയെന്നാണ് സർക്കാരിന് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നത് .
ബാർ ഉടമകളില്‍ നിന്ന് പ്രതിമാസം 20,000 രൂപവീതം കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. വിജിലന്‍സ് അന്വേഷണം നടത്തി അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തണമെന്നും നിർദേശം.
