കൊല്ലം : കള്ളനോട്ട് കേസിൽ നിർണായക നീക്കവുമായി ജില്ലാ ക്രൈംബ്രാഞ്ച്. കേസിലെ ഒന്നാംപ്രതി സിബിയോണിന്റെ ഭാര്യ ബിൻസിയെയും പ്രതിചേർത്തു. കള്ളനോട്ട് കേസിൽ ബിൻസിക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സിബിയോണിന്റെയും ബിൻസിയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചിട്ടുണ്ട്.
ഇരുവരുടെയും അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിശദീകരണം നൽകാൻ ഇരുവർക്കും കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.കഴിഞ്ഞ രണ്ടുദിവസമായി ബിൻസിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. ബാങ്ക് അക്കൗണ്ടിലെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യം ചെയ്യൽ.
ചിട്ടി നടത്തിയതിലൂടെ ലഭിച്ച പണമാണെന്നായിരുന്നു ബിൻസിയുടെ വിശദീകരണം. എന്നാൽ ഈ മറുപടി അന്വേഷണസംഘത്തിന് തൃപ്തികരമായില്ല.
കേസിന്റെ ആദ്യഘട്ടം മുതൽ തന്നെ ബിൻസിയുടെ പങ്കിനെക്കുറിച്ച് അന്വേഷണസംഘത്തിന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ബിൻസി നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി അത് പരിഗണിച്ചിരുന്നില്ല.
ബിൻസിയുടെ കാനറാ ബാങ്ക് അക്കൗണ്ടിലെത്തിയ ഒരു കോടി രൂപയുടെ ഇടപാടാണ് നിലവിൽ അന്വേഷണത്തിന്റെ പ്രധാന കേന്ദ്രം. ഈ തുക എവിടെനിന്ന് ലഭിച്ചുവെന്നും എന്താവശ്യത്തിനാണ് വിനിയോഗിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്.
