മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ചെക്ക് കേസിൽ തടവ് ശിക്ഷ ലഭിച്ച പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് ഹർജി സമർപ്പിച്ചത്. സെപ്റ്റംബർ ഒന്ന് മുതൽ മാണി സി കാപ്പൻ അയോഗ്യനാണെന്നാണ് ഹർജിക്കാരന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

അയോഗ്യത സംബന്ധിച്ച നടപടി വൈകിപ്പിക്കാൻ സ്പീക്കർ ശ്രമിക്കുകയാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഹർജി തീർപ്പാക്കുന്നതുവരെ എംഎൽഎ എന്ന നിലയിൽ മാണി സി കാപ്പന് ലഭിക്കുന്ന ആനുകൂല്യങ്ങൾ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. മാണി സി കാപ്പനെതിരായ ചെക്ക് കേസുകളിൽ നാല് കേസുകളിലായി ആകെ മൂന്നര വർഷത്തെ തടവ് ശിക്ഷയാണ് പ്രത്യേകം പ്രത്യേകം വിധിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!