ആലപ്പുഴ: ജലഗതാഗതവകുപ്പിന്‍റെ എടത്വസ്റ്റേഷനിലും യാത്രാബോട്ടുകളിലും ‘ശുചിമുറി’ സൗകര്യമില്ലാത്തതിനെതിരെ ക്ലോസറ്റിന് മുകളിലിരുന്ന് ബോട്ട് ജീവനക്കാരന്‍റെ വേറിട്ട പ്രതിഷേധം. എടത്വ സ്റ്റേഷനിലെ ബോട്ട് ലാസ്കർ മുഹമ്മദ് ഷായാണ് ഏകദിനപ്രതിഷേധം നടത്തിയത്.
ഇന്ന് രാവിലെ 10:30 മുതൽ ഉച്ചക്ക് 2.30വരെയാണ് ‘ടോയ്ലറ്റ്’ സൗകര്യം ഒരുക്കമെന്ന ആവശ്യമുയർത്തി എടത്വ സ്റ്റേഷന് മുന്നിൽ പ്രതിഷേധമുയർത്തിയത്. എടത്വ സ്റ്റേഷനിൽ മാത്രം 35 ജീവനക്കാരാണുള്ളത്. ഇവർക്ക് പ്രാഥമികാവശ്യം നിർവഹിക്കാൻ സൗകര്യമില്ല. 24 മണിക്കൂറും ജോലിചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. പമ്പാനദിയോരത്തും കായലുകളുടെ തീരത്തുമാണ് ജീവനക്കാർ പ്രാഥമികാവശ്യം നിർവഹിക്കുന്നത്. സമീപത്തെ ആശുപത്രിയും ഉപയോഗിക്കുന്നുണ്ട്.
ഫിറ്റ്നസ് പോലുമില്ലാതെയാണ് ജലഗതാഗതവകുപ്പിന്‍റെ മിക്കബോട്ടുകളും സർവിസ് നടത്തുന്നത്. ജീവൻ പണയംവെച്ചാണ് പലരും യാത്രചെയ്യുന്നത്. എടത്വായിൽനിന്ന് നെടുമുടിയിലേക്കും ചമ്പക്കുളത്തേക്കും രണ്ട് ബോട്ടുകളാണുള്ളത്. രാവിലെ 11 ന് തുടങ്ങുന്ന സർവിസ് പിറ്റേദിവസം രാവിലെ 11നാണ് തീരുന്നത്. ചമ്പക്കുളത്താണ് സ്റ്റേ.
23 മണിക്കൂറും ബോട്ടിൽ തങ്ങുന്ന ജീവനക്കാർ പ്രാഥമികാവശ്യം നിറവേറ്റാൻപ്രയാസപ്പെടുകയാണ്. സംസ്ഥാനത്ത് സർവിസ് നടത്തുന്ന 51 ബോട്ടുകളിൽ 36 എണ്ണവും സ്റ്റീൽ ബോട്ടുകളാണ്. ഇവയിൽ പലതിലും ടോയ്ലറ്റ് സംവിധാനമില്ല. ചില ബോട്ടുകളിൽ ഇ-ടോയ്ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലങ്ങളായി മാലിന്യം നീക്കാത്തതിനാൽ ഉപയോഗശൂന്യമാണ്.
മിക്ക സർവിസുകളിലും ജീവനക്കാർ 24 മണിക്കൂർ ഡ്യൂട്ടിയാണ് ചെയ്യുന്നത്. അവസാന സർവിസിനുശേഷം ബോട്ട് സ്റ്റേഷനുകളിലും ജെട്ടിയിലും കെട്ടിയിട്ടശേഷം ജീവനക്കാർ ബോട്ടിൽ കിടന്നുറങ്ങുകയാണ് പതിവ്. ബോട്ടിൽ മാത്രമല്ല, പല സ്റ്റേഷനുകളിലും ടോയ്ലറ്റ് സംവിധാനമില്ലാത്തതിനാൽ ജീവനക്കാർ വലിയ ദുരിതത്തിലാണ്. വിഷയത്തിൽ മനുഷ്യാവകാശ കമീഷനിലടക്കം പരാതി നൽകിയിട്ടും അധികൃതർ പ്രശ്നത്തിൽ ഇടപെടലുണ്ടായിട്ടില്ല.
