കോട്ടയം : ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും ആധികാരിക വിജയം. കോണ്‍ഗ്രസിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തില്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തതോടെ യു.ഡി.എഫ് വിജയം അനായാസമായി.
ഭൂരിപക്ഷം : 87464 വോട്ട്
ഫ്രാൻസിസ് ജോർജ് : 362348
തോമസ് ചാഴികാടൻ : 274884
തുഷാർ വെള്ളാപ്പള്ളി : 163605
2019ല്‍ 1,06,259 ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടൻ വിജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻ 3,14,787 വോട്ടും പി.സി. തോമസ് (എൻ.ഡി.എ) 1,54,658 വോട്ടും നേടിയിരുന്നു.
ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചിലും യു.ഡി.എഫിനുള്ള സ്വാധീനമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് അനുകൂലമായ ഒരു ഘടകം. കോട്ടയം, പിറവം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ യു.ഡി.എഫിന്‍റെയും ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങള്‍ എല്‍.ഡി.എഫിന്‍റെയും കൈവശമുള്ള നിയമസഭ മണ്ഡലങ്ങള്‍.
ക്രിസ്ത്യൻ, നായർ, ഈഴവ വോട്ടുകള്‍ നിർണായകമായ മണ്ഡലത്തില്‍ സമുദായ വോട്ടുകളും യു.ഡി.എഫിന് അനുകൂലമായി.
സിറ്റിങ് എം.പിയും കേരള കോണ്‍ഗ്രസ്-എം സ്ഥാനാർഥിയുമായ തോമസ് ചാഴിക്കാടന്‍റെ വ്യക്തിപ്രഭാവം രാഷ്ട്രീയ പോരില്‍ ഇക്കുറി ഗുണം ചെയ്തില്ല. പിണറായി സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും രാഷ്ട്രീയ ചേരിതിരിവുകളും ജനവിധിയില്‍ പ്രതിഫലിച്ചു.
കോട്ടയത്തെ രാഷ്ട്രീയ അതികായരായ ഉമ്മൻ ചാണ്ടിയും കെ.എം മാണിയും ഇല്ലാത്ത ആദ്യ ലോക്സഭ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത നിലനില്‍ക്കുമ്ബോഴാണ് കേരള കോണ്‍ഗ്രസ് ഇരുവിഭാഗങ്ങളും നേരിട്ട് ഏറ്റുമുട്ടിയത്. മാണിയുടെ വിയോഗത്തിനു ശേഷം, അദ്ദേഹത്തിന്റെ പാർട്ടി മകൻ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫുമായി ചേർന്നു. ഈ നീക്കം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിക്ക് നേട്ടം നല്‍കുകയും ചെയ്തു. എന്നാല്‍, മുന്നണി വിട്ട കേരള കോണ്‍ഗ്രസിന്‍റെ പ്രതിനിധി ഇനി ലോക്സഭ കാണിക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു കോട്ടയത്തെ കോണ്‍ഗ്രസും യു.ഡി.എഫും.
എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ തവണത്തേക്കാൾ 8960 വോട്ടുകൾ കൂടുതൽ നേടി. 2019ല്‍ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന പി.സി. തോമസ് നേടിയ 1,54,658 വോട്ടാണ് നേടിയത്.