ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍


സൗദി/ പാലക്കാട് :  മേലാമുറി ശ്രീനിവാസന്‍ വധക്കേസില്‍ മൂന്ന് വര്‍ഷമായി ഒളിവിലായിരുന്ന പ്രധാന പ്രതി മുഹമ്മദ് അലി പിടിയിലായി.

ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് പ്രതിയെ കണ്ടെത്തിയത്. ജിദ്ദയിലെ ജയിലില്‍ മൂന്ന് മാസത്തോളം കഴിഞ്ഞ ശേഷം ഇയാളെ ഇന്ത്യയിലെത്തിച്ചു.
തുടര്‍ന്ന് ഡല്‍ഹിയിലെത്തിച്ചപ്പോഴാണ് എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു അറസ്റ്റിലായ മുഹമ്മദ് അലി. 2022 ഏപ്രില്‍ 16നാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ ഒരു സംഘം മൃഗീയമായി കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ശ്രീനിവാസന്‍ വധം നടന്നതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

സംഭവ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ അതിക്രമിച്ച്‌ കയറുകയായിരുന്നു. കടയ്ക്കുള്ളില്‍ വെച്ച്‌ ശ്രീനിവാസനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. പിഎഫ്‌ഐ പ്രവര്‍ത്തകന്‍ സുബൈര്‍ എലപ്പുള്ളിയില്‍ വെട്ടേറ്റ് മരിച്ച്‌ 24 മണിക്കൂര്‍ തികയും മുമ്പായിരുന്നു ഈ കൊലപാതകം.

കേസ് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ 2023 മാര്‍ച്ചില്‍ ആദ്യ കുറ്റപത്രവും അതേവര്‍ഷം നവംബറില്‍ രണ്ടാം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. കേസിലെ മറ്റ് പ്രതികള്‍ പലരും നേരത്തെ അറസ്റ്റിലായിരുന്നു. മുഹമ്മദ് അലി സംഭവത്തിന് ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു.ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സൗദി അധികൃതരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ജിദ്ദയില്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തിച്ചത്. അറസ്റ്റിലായ മുഹമ്മദ് അലിയെ ഡല്‍ഹിയില്‍ നിന്ന് പാലക്കാട്ടേക്ക് കൊണ്ടുവന്ന് കൂടുതല്‍ ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ നീക്കം. കേസിലെ ഗൂഢാലോചനയെ കുറിച്ചും ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ എൻഐഎ സംഘം ശേഖരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!