വാഷിംഗ്ടണ്‍: ഇറാനെതിരെ ശക്തമായ ആക്രമണത്തിന് തയ്യാറെടുത്ത് അമേരിക്ക. ഇതോടെ പശ്ചിമേഷ്യയില്‍ യു.എസ്.-ഇറാന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായേക്കും.
യു.എസ്.-ഇറാന്‍ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഓരോ അമേരിക്കന്‍ സൈനികനും പകരമായി ഇറാനെതിരെ അതിശക്തമായ സൈനിക തിരിച്ചടി നല്‍കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ്. സൈനികര്‍ കൊല്ലപ്പെടുന്ന ഓരോ സംഭവത്തിനും വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ് തെഹ്റാന് കര്‍ശന മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് നയം വ്യക്തമാക്കിയത്.
തന്റെ ഭരണകൂടവും പ്രതിരോധ മന്ത്രാലയവും ഇനി വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. ‘ഇറാന്‍ ഒരു അമേരിക്കന്‍ സൈനികനെ കൊല്ലുമ്പോഴും അതിന് അവര്‍ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. ഇതേക്കുറിച്ചുള്ള കര്‍ശന നിര്‍ദ്ദേശം യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് , ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാനിയല്‍ കെയിന്‍ എന്നിവര്‍ക്കും സൈന്യത്തിലെ മറ്റ് മുതിര്‍ന്ന മേധാവിമാര്‍ക്കും ഞാന്‍ കൈമാറിക്കഴിഞ്ഞു,’ – ട്രംപ് കുറിച്ചു.
പശ്ചിമേഷ്യന്‍ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ രൂക്ഷമാകുകയും യു.എസ്. സൈനികര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ കടുത്ത പരാമര്‍ശം. സംഘര്‍ഷം കൂടുതല്‍ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.
പശ്ചിമേഷ്യയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍, നയതന്ത്രചര്‍ച്ചകള്‍ പുനഃരാരംഭിക്കാനുള്ള ശ്രമങ്ങള്‍ മധ്യസ്ഥരാജ്യങ്ങള്‍ നടത്തവേയാണ് പുതിയ യുദ്ധകാഹളം ട്രംപില്‍ നിന്നും ഉണ്ടായിരിക്കുന്നത്. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി മേഖലയില്‍ ഇരുരാജ്യങ്ങളും നടത്തുന്ന ആക്രമണങ്ങള്‍ പത്ത് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ മധ്യസ്ഥര്‍ നിര്‍ദേശം മുന്നോട്ടുവെച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ റദ്ദാക്കിയ ഇടക്കാല വെടിനിര്‍ത്തല്‍ കരാര്‍ പുനഃസ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.
അമേരിക്കയുടെ സൈനിക ആക്രമണങ്ങള്‍ക്കിടയിലും മധ്യസ്ഥര്‍ മുഖേന വാഷിങ്ടണുമായി നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. മധ്യസ്ഥര്‍വഴി സമാധാന ചര്‍ച്ചകള്‍ക്കായുള്ള സന്ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഹോര്‍മുസില്‍ ഉപരോധം ഏര്‍പ്പെടുത്തി ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്താന്‍ യുഎസിനെ അനുവദിക്കില്ലെന്ന് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി.
ഇറാന്റെ ആക്രമണത്തില്‍ യു എസ് സൈനികര്‍ കൊല്ലപ്പെട്ടതോടെ കട്ടക്കലിപ്പിന്‍ ട്രംപ്; ഓരോ സൈനികന്റെ മരണത്തിനും തിരിച്ചടി നല്‍കുമെന്ന് യു.എസ്. പ്രസിഡന്റ്
