ദുബായ് : ഒരു ജിമ്മിക്കിക്ക് 16 കിലോയിലേറെ ഭാരം! കേൾക്കുമ്പോൾ അതിശയോക്തിയെന്ന് തോന്നാമെങ്കിലും ദുബായിൽ ജോയ് ആലുക്കാസ് ഒരുക്കിയിരിക്കുന്നത് അത്തരമൊരു സ്വർണവിസ്മയമാണ്. 22 കാരറ്റ് സ്വർണത്തിൽ തീർത്ത ഭീമൻ കമ്മലിലൂടെ രണ്ട് ഗിന്നസ് ലോക റെക്കോർഡുകളാണ് ജ്വല്ലറി ഗ്രൂപ്പ് സ്വന്തമാക്കിയത്.
കൈകൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും ഭാരമേറിയതും ഏറ്റവും വലുതുമായ സ്വർണക്കമ്മലുകൾ എന്ന അപൂർവ നേട്ടമാണ് ഈ ആഭരണത്തിലൂടെ കൈവരിച്ചത്. ‘ആയിരം മയിലുകൾ’ എന്നർഥം വരുന്ന ‘മയൂര സഹസ്ര’ എന്നാണ് ഈ വിസ്മയ ആഭരണത്തിന് നൽകിയിരിക്കുന്ന പേര്.
22 കാരറ്റ് സ്വർണത്തിൽ നിർമിച്ച ജിമ്മിക്കിയുടെ ആകെ ഭാരം 16.514 കിലോഗ്രാമാണ്. ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിലെ ‘ജ്വൽ ഓഫ് ജോയ്’ ഷോറൂമിൽ നടന്ന ചടങ്ങിൽ യു.എ.ഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറിയാണ് ഭീമൻ ജിമ്മിക്കി ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. വലുപ്പത്തിലും ഭാരത്തിലും മാത്രമല്ല, നിർമാണത്തിന് പിന്നിലെ അധ്വാനത്തിലും ഈ ആഭരണം ശ്രദ്ധേയമാണ്.
1.215 മീറ്റർ നീളവും 0.682 മീറ്റർ വ്യാസവുമുള്ള ജിമ്മിക്കി പൂർത്തിയാക്കാൻ 55 വിദഗ്ധ കരകൗശലത്തൊഴിലാളികൾ ചേർന്ന് ചെലവഴിച്ചത് 5,840 മണിക്കൂറുകളാണ്. മാസങ്ങൾ നീണ്ട സൂക്ഷ്മമായ പ്രവർത്തനങ്ങളിലൂടെയാണ് സ്വർണത്തിൽ ഈ അപൂർവ സൃഷ്ടി യാഥാർഥ്യമായത്. ഇന്ത്യൻ സംസ്കാരത്തിൽ സൗന്ദര്യത്തിന്റെയും പ്രൗഢിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന മയിലിൽ നിന്നാണ് ആഭരണത്തിന്റെ രൂപകൽപ്പനയ്ക്ക് പ്രധാന പ്രചോദനം ലഭിച്ചത്.
ദക്ഷിണേഷ്യൻ സ്ത്രീകൾ പരമ്പരാഗതമായി ധരിക്കുന്ന മണിയുടെ ആകൃതിയിലുള്ള ജിമ്മിക്കിയുടെ രൂപവും ഇതിൽ സമന്വയിപ്പിച്ചിട്ടുണ്ട്. പാരമ്പര്യ ആഭരണങ്ങളുടെ സൗന്ദര്യവും ആധുനിക ഡിസൈൻ സങ്കൽപ്പങ്ങളും ഒത്തുചേരുന്ന സൃഷ്ടിയാണിത്. പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി ഒക്ടോബർ 12-ന് തന്നെ ഈ നേട്ടത്തിനുള്ള ഔദ്യോഗിക ഗിന്നസ് ലോക റെക്കോർഡ് സ്ഥിരീകരണം ജോയ് ആലുക്കാസിന് ലഭിച്ചിരുന്നു.
ലോകശ്രദ്ധ നേടിയ ഈ സൃഷ്ടി ദുബായ് നഗരത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ച കരകൗശല വിദഗ്ധർക്കുമുള്ള സമർപ്പണമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് വ്യക്തമാക്കി. സ്വർണാഭരണ നിർമാണത്തിലെ വൈദഗ്ധ്യവും സർഗാത്മകതയും ഒരുമിച്ചപ്പോൾ പിറന്ന ‘മയൂര സഹസ്ര’ ഇപ്പോൾ ലോക റെക്കോർഡുകളുടെ പട്ടികയിലും ഇടംപിടിച്ചിരിക്കുകയാണ്.
പരമ്പരാഗത ഇന്ത്യൻ ആഭരണകലയുടെ പൈതൃകം ആഗോള വേദിയിൽ അവതരിപ്പിക്കുന്നതിനൊപ്പം, ദുബായുടെ സ്വർണവ്യാപാര മേഖലയ്ക്കും പുതിയ ശ്രദ്ധ നേടിക്കൊടുക്കുന്നതാണ് ഈ അപൂർവ നേട്ടം.
