7 മിനിറ്റിൽ 22 കിലോമീറ്റർ; നേപ്പാളിലെ ഹിമപാളിയുടെ സഞ്ചാരവേഗം ഞെട്ടിക്കുന്നത്…

കഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തത്തിന് കാരണമായ ഹിമപാളി പർവതത്തിൽനിന്ന് നദിയിലേക്ക് കുതിച്ചെത്തിയത് അതിവേഗത്തിലെന്ന് കണ്ടെത്തൽ. ലങ്താങ് ലിറുങ്ങിൽനിന്ന് അടർന്ന ഹിമപാളി വെറും ഏഴ് മിനിറ്റിനുള്ളിൽ 22 കിലോമീറ്റർ ദൂരം പിന്നിട്ടതായാണ് സാറ്റലൈറ്റ് ചിത്രങ്ങളുടെ പരിശോധനയിൽ വ്യക്തമായത്.

ബുധനാഴ്ച രാവിലെ 8.37നാണ് ലങ്താങ് ലിറുങ്ങിൽ ഹിമപാളി അടർന്നത്. ഏകദേശം 0.56 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഹിമപാളി പർവതത്തിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു.

റസുവഗന്ധിയിലെത്തുമ്പോൾ ഹിമപാളിയുടെ വേഗം മണിക്കൂറിൽ 187.5 കിലോമീറ്റർ വരെയായിരുന്നു. തുടർന്ന് ബെട്രാബട്ടിയിലേക്ക് മണിക്കൂറിൽ 73 കിലോമീറ്റർ വേഗത്തിലും അവിടെനിന്ന് നദിയിലേക്ക് മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിലുമാണ് ഹിമപാളിയും പാറക്കൂട്ടങ്ങളും നീങ്ങിയത്.

കൂറ്റൻ ഹിമപാളിയും പാറക്കൂട്ടങ്ങളും നദിയിൽ പതിച്ചതാണ് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് കാരണമായതെന്നാണ് നേപ്പാൾ ദുരന്തനിവാരണ വിഭാഗം മേധാവി ബിശാൽ നാഥ് ഉപ്റേതി പറയുന്നത്.

ഹിമപാളിയുടെ അസാധാരണ വേഗതയിലുള്ള സഞ്ചാരമാണ് ദുരന്തത്തിന്റെ ആഘാതം ഇത്രത്തോളം രൂക്ഷമാക്കിയത്. പർവതശിഖരത്തിൽനിന്ന് താഴേക്ക് പതിച്ച മഞ്ഞും വൻ പാറക്കൂട്ടങ്ങളും നദിയിലെത്തിയതോടെ പ്രദേശത്ത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!