നരേന്ദ്ര മോദിക്കെതിരേ ഖാർഗെയുടെ വിവാദ പരാമർശം; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി…

പട്‌ന : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിവാദ പരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിഹാറിൽ ഡോ. കൃഷ്ണ സിങ്ങിന്റെ 139-ാമത് ജന്മദിനാഘോഷച്ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയാണ് ഖാർഗെ നടത്തിയ പരാമർശം വിവാദമായത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഖാർഗെയുടെ പ്രസ്താവനയ്ക്കെതിരേ ബിജെപിയും ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഖാർഗെ പ്രസംഗിച്ചുകൊണ്ടിരിക്കെ സദസ്സിലുണ്ടായിരുന്ന ഒരാൾ മോദിയെ അനുകൂലിച്ച് സംസാരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മോദി എവിടെയും പോകില്ലെന്നായിരുന്നു ഇയാളുടെ പ്രതികരണം. ഇതിന് മറുപടിയായി മോദിയുടെ അച്ഛന് വരെ പോകേണ്ടിവരുമെന്ന പരാമർശമാണ് ഖാർഗെ നടത്തിയത്. പിന്നാലെ മോദിയെ അനുകൂലിച്ച് സംസാരിച്ചയാളെ വേദിയിൽനിന്ന് നീക്കുകയും ചെയ്തു.

പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഖാർഗെ രൂക്ഷമായ വിമർശനങ്ങളും ഉന്നയിച്ചു. മോദിക്ക് കള്ളം പറയുന്ന ശീലമുണ്ടെന്ന് ആരോപിച്ച അദ്ദേഹം, അധികാരത്തിലെത്തിയ ആദ്യ നൂറുദിവസത്തിനകം വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം എവിടെയെത്തിയെന്ന് ചോദിച്ചു. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം രാജ്യത്ത് നിലനിൽക്കുന്നിടത്തോളം സമാധാനം ഉണ്ടാകില്ലെന്നും ഖാർഗെ വിമർശിച്ചു.

ഖാർഗെയുടെ പരാമർശങ്ങൾക്കെതിരേ ബിജെപി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്. കോൺഗ്രസ് അധ്യക്ഷൻ ഉപയോഗിച്ച ഭാഷയെ വിമർശിച്ച ബിജെപി, കോൺഗ്രസിന്റെ പ്രവർത്തനശൈലി മാഫിയാ സംഘത്തിന്റേതിന് സമാനമാണെന്ന് ആരോപിച്ചു.

പാർട്ടിയുടെ യുവരാജാവ് നിരാശയും അമർഷവും പ്രകടിപ്പിക്കുന്ന സാഹചര്യങ്ങളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയും സ്വന്തം പാർട്ടി നേതാക്കളുമായി പോലും ഉന്തുംതള്ളിലും ഏർപ്പെടുകയും ചെയ്യുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനത്തെ പരാമർശിച്ച ബിജെപി, കോൺഗ്രസ് അധികാരത്തിലിരുന്ന പത്തുവർഷക്കാലം ഇതിനായി ശ്രമിച്ചിട്ടും ലക്ഷ്യം കൈവരിക്കാനായില്ലെന്ന് പരിഹസിച്ചു.

ഇപ്പോൾ അതേ സ്വപ്നം സാക്ഷാത്കരിക്കാൻ കോൺഗ്രസിന്റെ നേതാവ് വിവിധ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുകയാണെന്നും വിയറ്റ്‌നാമിനെയും കൊളംബിയയെയും പരാമർശിച്ച് ബിജെപി ആരോപിച്ചു. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന കോൺഗ്രസിന്റെ വാഗ്ദാനം യാഥാർഥ്യമാകാൻ രാജ്യത്തെ ജനങ്ങൾ അനുവദിക്കില്ലെന്നും ബിജെപി പ്രതികരണത്തിൽ പറഞ്ഞു. ഖാർഗെയുടെ പരാമർശത്തെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ വാക്പോര് ഇതോടെ ശക്തമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!