രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 1997ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗുരു’. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.
‘ഗുരു’വിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ് …
.”ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കറിന് തിരഞ്ഞെടുത്ത സിനിമയാണ് ‘ഗുരു’. ഞാനിപ്പോഴും തമിഴിലൊക്കെ പോകുമ്പോൾ അവിടെയുള്ളവരോട് ആ സിനിമയെക്കുറിച്ച് പറയാറുണ്ട്. ഓസ്ട്രേലിയൻ ഓർക്കസ്ട്രയാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇളയരാജയുടെ മ്യൂസിക്കിൽ. എനിക്ക് ആവേശം കൊള്ളുന്ന ഒരു സിനിമയാണത്.
വെളുപ്പിന് അഞ്ച് മണിക്ക് നമ്മൾ മേക്കപ്പ് തുടങ്ങും. പത്തോളം മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ട്. ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. പത്തഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. എല്ലാവർക്കും മുടി വയ്ക്കണം, കോൺടാക്ട് ലെൻസ് വയ്ക്കണം, താടി വയ്ക്കണം. അങ്ങനെ കുറേ കാര്യങ്ങളുണ്ടായിരുന്നു. എല്ലാവർക്കും ഒരു ബ്രൗൺ കളറാണ്. അതെന്തുകൊണ്ടാണന്ന് ചോദിച്ചാൽ ആ സെറ്റ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ചുവന്ന മണ്ണു കൊണ്ടാണ്. അതിൽ സ്വഭാവികമായും പൊടിയുണ്ടാകും. അതുവച്ചാണ് അവരുടെ ശരീരത്തിന് ഒരു ബ്രൗൺ കളർ കൊടുത്തത്.
ലൈറ്റ് ഈജിപ്ഷ്യൻ എന്നു പറയുന്ന ഒരു പാൻ കേക്ക് ഉപയോഗിച്ചാണ് ആ കളർ കൊടുത്തത്. പിന്നെ എല്ലാവർക്കും താടി വച്ചു. ശ്രീനിവാസൻ, ലാൽ സാർ എല്ലാവരും രാവിലെ വരും. കൃത്യം എട്ട് മണിക്ക് ആദ്യത്തെ ഷോട്ട് എടുക്കും. അതിന് മുൻപ് ആദ്യത്തെ ഷോട്ടിന് വേണ്ട എല്ലാവരെയും നമ്മൾ റെഡിയാക്കണം. അതൊരു നല്ല ശ്രമമായിരുന്നു.
പക്ഷേ വളരെ ഡിസിപ്ലിൻ ആയി പോയ ഒരു ഷൂട്ടായിരുന്നു. ഓർക്കുമ്പോൾ ആ സിനിമയൊക്കെ വലിയ സംഭാവന നൽകിയിട്ടുണ്ട് ജീവിതത്തിൽ”. – ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പട്ടണം റഷീദ് പറഞ്ഞു.
