വിവാഹ വിരുന്നിൽ ഭക്ഷ്യവിഷബാധ: 45 പേർ ആശുപത്രിയിൽ

തൃശൂർ : പുതുക്കോട് എം.സി പാലസ് വിവാഹ മണ്ഡപത്തിൽ നടന്ന മൈലാഞ്ചി ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളടക്കം 45 പേർ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. കൂടുതൽ പേർക്ക് ശാരീരിക അസ്വസ്ഥതകൾ പ്രകടമായിട്ടുണ്ടെന്നാണ് പ്രദേശവാസികളും ബന്ധുക്കളും നൽകുന്ന വിവരം. നിലവിൽ ആശുപത്രിയിലുള്ള ആരുടെയും ആരോഗ്യനില ഗുരുതരമല്ല.

ശനിയാഴ്ച വൈകീട്ട് നടന്ന ചടങ്ങിലെ ഭക്ഷണം കഴിച്ചവർക്കാണ് ഞായറാഴ്ച രാവിലെയോടെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കടുത്ത ഛർദ്ദി, വയറിളക്കം, വയറുവേദന, കടുത്ത ക്ഷീണം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ ആരോഗ്യവകുപ്പ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിമിതയുടെ നേതൃത്വത്തിലുള്ള സംഘം വിവാഹ മണ്ഡപത്തിൽ നേരിട്ടെത്തി പരിശോധന നടത്തി. ചടങ്ങിനായി ഉപയോഗിച്ച കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഭക്ഷണത്തിൽ ഉൾപ്പെട്ട ചിക്കൻ വാങ്ങിയ കട, കാറ്ററിങ് സ്ഥാപനം എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പാചകം ചെയ്ത സ്ഥലത്തെ ശുചിത്വ മാനദണ്ഡങ്ങളും അധികൃതർ പരിശോധിച്ചു വരുന്നു. ഭക്ഷണ സാമ്പിളുകളുടെ ലബോറട്ടറി പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ വിഷബാധയുടെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം:
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ യാതൊരു കാരണവശാലും സ്വയംചികിത്സയ്ക്ക് മുതിരരുത്. ഛർദ്ദി, വയറിളക്കം എന്നിവ വഴി ശരീരത്തിലെ ജലാംശം വേഗത്തിൽ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ എത്രയും വേഗം അടുത്തുള്ള ആശുപത്രികളിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!