സ്ത്രീകൾ എന്ന നിലയിൽ പരാജയം ഉണ്ടായിട്ടില്ല, ചില അംഗങ്ങൾ കാരണം ചീത്തപ്പേരുണ്ടായി…

കൊച്ചി : അമ്മ ഭരണ സമിതി രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ ജഗദീഷ്. ഭരണസമിതിയ്ക്ക് സംഘടനപരമായ അച്ചടക്കം പാലിക്കുന്നതിൽ പിഴവുണ്ടായെന്ന് ജഗദീഷ് പറഞ്ഞു.

ജഗദീഷിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തത്. കമ്മിറ്റിയിലെ അംഗങ്ങളുടെ പേരും ജഗദീഷ് മാധ്യമങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ചു.

ആ വാക്കുകളിലേക്ക്:

സംഘടനാപരമായ ചില പാളിച്ചകൾ അവരുടെ ഭാഗത്തു നിന്നും ഉണ്ടായി. അത് പരിചയക്കുറവു കൊണ്ടായിരിക്കാം. അതിൽ അംഗങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു. ട്രഷറർ കുറച്ച് ദിവസം മാറി നിന്നതിനാൽ അക്കൗണ്ട്‌സ് കൃത്യമായി അവതരിപ്പിക്കാൻ സാധിച്ചില്ല. അക്കൗണ്ട്‌സ് നേരത്തെ എത്തിക്കണം എന്ന നിയമം പാലിക്കാനായില്ല

അംഗങ്ങൾ തമ്മിലുള്ള വാക്ക് തർക്കങ്ങൾ കമ്മിറ്റിയ്ക്ക് മുമ്പിൽ അവതരിപ്പിക്കും മുമ്പ് മാധ്യമങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത് പൊതു ജനമധ്യത്തിൽ ചീത്തപ്പേരുണ്ടാക്കി. അതിലും അംഗങ്ങൾക്ക് അസംതൃപ്തിയുണ്ടായിരുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കും മുമ്പ് തന്നെ അംഗങ്ങളുടെ വികാരം മനസിലാക്കി ഭരണസമിതി രാജിവെക്കുകയായിരുന്നു.

അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രമേഷ് പിഷാരടിയാണ് കൺവീനർ. ഒമ്പത് അംഗങ്ങളാണുള്ളത്. കെബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോക്ടർ റോണി, കൃഷ്ണ പ്രഭ, ആശ അരവിന്ദ്, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരാണ് കമ്മിറ്റിയിലുള്ളത്. തെരഞ്ഞെടുപ്പ് എപ്പോഴെന്ന് കമ്മിറ്റി തീരുമാനിക്കും.

സ്ത്രീകൾ എന്ന നിലയിൽ പരാജയമുണ്ടായിട്ടില്ല. വ്യക്തിപരമായി നന്നായി തന്നെ പ്രവർത്തിച്ചിട്ടുണ്ട്. സംഘടനപരമായ അച്ചടക്കത്തിന്റെ കാര്യത്തിൽ ചില പ്രശ്‌നങ്ങളുണ്ടായിട്ടു ണ്ടെന്നത് തുറന്ന് സമ്മതിക്കുന്നു.

അത് പൊതുസമൂഹത്തിന് മാതൃകയല്ല. അമ്മയിലെ അംഗങ്ങളെ മാതൃകയായിട്ടാണ് സമൂഹം നോക്കി കാണുന്നത്. അതിനാലാണ് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണ സമിതി രാജിവച്ചത്. സ്ത്രീകൾ നേതൃത്വം നൽകിയ ഭരണ സമിതി പരാജയമാണെന്ന വ്യഖ്യാനം മാധ്യമങ്ങൾ നൽകരുത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!