ടീമിനെയും ക്യാപ്റ്റനെയും അണ്‍ഫോളോ ചെയ്തു; സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സ് വിടും?

മുംബൈ: ട്വന്റി20 ലോകകപ്പ് നേടിയ ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തി, കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ ഫോം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് താരത്തെ സെലക്ടര്‍മാര്‍ തഴഞ്ഞത്. സൂര്യയ്ക്ക് പകരം ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്. ഇതിനു പിന്നാലെ താരം, തന്റെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന അഭ്യൂഹമാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, സൂര്യകുമാര്‍ യാദവ് ഇന്‍സ്റ്റഗ്രാമില്‍ മുംബൈ ഇന്ത്യന്‍സുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ടീമിന്റെ നായകനായ ഹാര്‍ദിക് പാണ്ഡ്യയേയും നിലവില്‍ ഫോളോ ചെയ്യുന്നില്ലെന്നും ആരാധകര്‍ കണ്ടെത്തി. ഇതോടെയാണ് ട്രാന്‍സ്ഫറോ ടീം മാറ്റമോ സംബന്ധിച്ച അഭ്യൂഹം ശക്തമായത്. മുംബൈ ഇന്ത്യന്‍സുമായി ബന്ധപ്പെട്ട്, രോഹിത് ശര്‍മക്കും എം എസ് ധോണക്കുമൊപ്പമുള്ള ചിത്രം മാത്രമാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുള്ളത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച സജീവമാകുന്നത്.

ഇക്കഴിഞ്ഞ ഐപിഎല്‍ സീസണ്‍ സൂര്യകുമാറിന് അത്ര മികച്ചതായിരുന്നില്ല. 20.77 ശരാശരിയില്‍ 270 റണ്‍സാണ് താരം നേടിയത്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈക്കായി സൂര്യ രണ്ട് അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ് സീസണില്‍ സ്വന്തമാക്കിയത്.അതേസമയം, സൂര്യകുമാര്‍ യാദവോ മുംബൈ ഇന്ത്യന്‍സോ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. 2018 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. ടീമിനായി നിരവധി നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ച താരം മൂന്ന് ഐപിഎല്‍ കിരീട വിജയങ്ങളിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ട്വന്റി20 ലോകകപ്പിനു മുമ്പും സൂര്യകുമാറിന്റെ ഫോം ആശങ്കയിലായിരുന്നു. എന്നാല്‍ താരത്തെ മാറ്റേണ്ടതില്ലെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. രണ്ടുവര്‍ഷത്തിനപ്പുറം വീണ്ടും ടി20 ലോകകപ്പ് വരാനിരിക്കെ, അതിനായുള്ള തയ്യാറെടുപ്പെന്ന നിലയിലാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. തിലക് വര്‍മയാണ് ഉപനായകന്‍. സഞ്ജുവിനെ കൂടാനെ ഇഷാന്‍ കിഷനെയും വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്റിങ് സെന്‍സേഷനായ യുവതാരം വൈഭവ് സൂര്യവംശിയും സ്‌ക്വാഡില്‍ ഇടംനേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!