കോവിഡ് കാലത്ത് വാങ്ങിയ 224 ഐഫോണുകൾ കാണാനില്ല… ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാന ആരോഗ്യവകുപ്പ് കോടികൾ ചെലവഴിച്ച് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുകയും ഐഫോണുകൾ ഉൾപ്പെടെ കാണാതാവുകയും ചെയ്തതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. അബിൻ വർക്കി എംഎൽഎയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

7.16 കോടി രൂപ ചെലവഴിച്ച് 224 ഐഫോണുകൾ വാങ്ങിയിരുന്നുവെന്നും ഇവ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള ഫണ്ടസ് ക്യാമറകളും വാങ്ങിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ പല ആശുപത്രികളിലും ഇവ ഉപയോഗിക്കുന്നില്ല. നിരവധി ഐഫോണുകൾ കാണാനില്ലെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ വാങ്ങിയ രണ്ട് ഓക്സിജൻ പ്ലാന്റുകൾക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പിഎം കെയേഴ്സ് വഴി ലഭിച്ച ചില വെന്റിലേറ്ററുകൾ ഗുണനിലവാരക്കുറവും പരിപാലനച്ചെലവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഉപയോഗിക്കുന്നില്ല. കോട്ടയം, മഞ്ചേരി, കണ്ണൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാകാതെ കിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഉപകരണങ്ങൾ വാങ്ങുന്നതിൽ മാത്രം സർക്കാരിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും അവയുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് അവ പ്രവർത്തന സജ്ജമാക്കാൻ നടപടിയെടുക്കും. കാണാതായതായി പരാതിയുള്ള ഉപകരണങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വാറന്റി കാലാവധി കഴിഞ്ഞതിനാൽ ആവശ്യമായ അറ്റകുറ്റപ്പണികളും പരിപാലനവും നടത്താതെ കോടികൾ ചിലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ നശിക്കുന്ന സാഹചര്യം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ നേരത്തേ നിയോഗിച്ചിരുന്നു. ഉപകരണങ്ങളുടെ ഗുണനിലവാരം, വാങ്ങിയതിന്റെ ആവശ്യകത, പ്രവർത്തനസജ്ജമാക്കുന്നതിലെ വീഴ്ചകൾ, ദീർഘകാലം ഉപയോഗിക്കാതെ കിടന്നതിന്റെ കാരണങ്ങൾ എന്നിവ സംഘം പരിശോധിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ച റിപ്പോർട്ടുകൾ സർക്കാർ പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. പൊതുപണം ചിലവഴിച്ച് വാങ്ങുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കാൻ അനുവദിക്കില്ലെന്നും വീഴ്ചകൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വ്യാപകമായ പരാതികളും പൊതുപണം ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങളും കണക്കിലെടുത്ത് അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!