ലണ്ടൻ: ബലാത്സംഗ ആരോപണത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബ്രിട്ടനിൽ അറസ്റ്റിൽ. പാകിസ്ഥാൻ എ ടീം അംഗമായ ഹൈദർ അലിയാണ് അറസ്റ്റിലായത്. പാക് എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് അറസ്റ്റിലേക്ക് നയിച്ച സംഭവം. ഇയാളെ പിന്നീട് ജാമ്യത്തിൽവിട്ടു. അന്വേഷണ വിധേയമായി താരത്തെ പാക് ടീമിൽ നിന്നു സസ്പെൻഡും ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് മൂന്നിനു യുകെയിലെ ബെക്കൻഹാം ഗ്രൗണ്ടിൽ അരങ്ങേറിയ എംസിഎസ്എസി ടീമിനെതിരായ പോരാട്ടത്തിനിടെയാണ് താരം പിടിയിലായത്. ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൈദറിന്റെ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു ശേഷമാണ് താരത്തിനു ജാമ്യം കിട്ടിയത്.
അന്വേഷണം പൂർത്തിയാകും വരും താരത്തെ സസ്പെൻഡ് ചെയ്തതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. യുകെയിൽ പാക് ബോർഡ് സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ജൂലൈ 17 മുതൽ ഓഗസ്റ്റ് 6 വരെ യുകെയിൽ പര്യടനം നടത്തിയ പാകിസ്ഥാൻ എ ടീമായി ഷഹീൻസിനായാണ് താരം കളിക്കാനെത്തിയത്. ടീം രണ്ട് ത്രിദിന മത്സരങ്ങളാണ് കളിച്ചത്. ക്യാപ്റ്റൻ ഷൗദ് ഷക്കീൽ, ഹൈദർ അലി ഒഴികെയുള്ള താരങ്ങൾ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയിരുന്നു.
24കാരനായ ഹൈദർ പാകിസ്ഥാനു വേണ്ടി രണ്ട് ഏകദിനങ്ങളും 35 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2020ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിലും താരം പാക് ജേഴ്സിയിൽ ഇറങ്ങി. 2021ൽ അബുദാബിയിൽ നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനു പാക് ബോർഡ് താരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
