കിരീടം നേടി, ആർസിബി ടീം വിൽപ്പനയ്ക്ക്! വില 17,600 കോടി രൂപ; കണ്ണുവച്ച് വമ്പൻമാർ

ബംഗളൂരു: 18 വർഷം കാത്തിരുന്നു ഒടുവിൽ ഇക്കഴിഞ്ഞ സീസണിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയതിനു പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആർസിബി ഫ്രാഞ്ചൈസിയുടെ മാതൃ കമ്പനിയായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടനാണ് ടീമിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങുന്നത്. ബ്രിട്ടനിലെ പ്രമുഖ മദ്യ നിർമാണ, വിതരണ കമ്പനിയാണ് ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ. തുടക്കം മുതൽ കിരീട നേട്ടം വരെ 18 സീസണുകളിലും ടീമിനായി കളിച്ച സൂപ്പർ താരം വിരാട് കോഹ്‍ലി വാണിജ്യ കരാർ പുതുക്കിയിട്ടില്ല എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതുകൂടി ചേർത്തു വായിക്കുമ്പോൾ ടീം വിൽക്കാൻ ഒരുങ്ങുന്നതിന്റെ സൂചനകളാണെന്ന തരത്തിലാണ് വ്യാഖ്യാനങ്ങൾ.

കിരീട നേട്ടത്തിന്റെ മികവിൽ നിൽക്കുന്നതിനാൽ വമ്പൻ വിലയ്ക്ക് ഫ്രൈഞ്ചൈസി വിറ്റു പോകുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. ഭീമൻ വിലയാണ് ഉടമകൾ ടീമിനായി ഇട്ടിരിക്കുന്നത്. 17,600 കോടി രൂപയാണ് (2 ബില്ല്യൺ യുഎസ് ഡോളർ) ടീമിന്റെ വില. അതേസമയം തന്നെ ഐപിഎൽ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിജായഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി ആരാധകർക്കു ജീവൻ നഷ്ടമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളും നടപടികളും തുടരുന്നതിനാൽ കമ്പനി ആരാണോ ഏറ്റെടുക്കുന്നത് ഈ കേസുകളും സ്വാഭാവികമായി അവരുടെ തലയ്ക്കു വരും.

2012ലാണ് ഡിയാജിയോ ആർസിബിയുടെ ഉടമസ്ഥത ഏറ്റെടുക്കുന്നത്. വിജയ് മല്യയുടെ ഉടമസ്ഥതയിൽ 2007ലെ പ്രഥമ ഐപിഎല്ലിലാണ് ടീം അരങ്ങേറിയത്. പിന്നീട് മല്യയുടെ ബിസിനസ് സാമ്രാജ്യം തകർന്നതോടെ യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് ഡിയാജിയോയുടെ കീഴിലെത്തുകയായിരുന്നു. ഇതോടെയാണ് ആർസിബി ഉടമസ്ഥത അവർക്കു കൈവന്നത്. മദ്യത്തിന്റെ പരസ്യമായിരുന്നു ഐപിഎൽ ടീം വാങ്ങുന്നതിലൂടെ വിജയ് മല്യ അന്ന് ലക്ഷ്യമിട്ടത്. എന്നാൽ ഐപിഎൽ ഉൾപ്പെടെയുള്ള കായിക വേദികളിൽ മദ്യ, പുകയില ഉത്പനങ്ങളുടെ പരോക്ഷ പരസ്യം പോലും പാടില്ലെന്ന കേന്ദ്ര സർക്കാരിന്റെ വിലക്ക് വിജയ് മല്യയുടെ കണക്കുകൂട്ടൽ തെറ്റിച്ചു.

ഡിയാജിയോയുടെ പ്രധാന ബിസിനസ് കായിക മേഖലയല്ല. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾക്കായി പണം മുടക്കുന്നതിനോടു കമ്പനിയുടെ ഓഹരി ഉടമകളിൽ ചിലർക്കു എതിർപ്പുണ്ട്. ഇതാണ് വിൽപ്പനയിലേക്ക് നയിച്ചത്. ടീം നടത്തിപ്പിനായി വൻ തുക ചെലവഴിക്കുന്നതിനോടും ചിലർക്ക് കടുത്ത വിയോജിപ്പുണ്ട്.

ഈ വർഷം മാർച്ചിൽ കമ്പനിയുടെ സിഇഒ ചുമതലയിൽ വന്ന പ്രവീൺ സോമേശ്വറിന്റെ നിലപാടും വിൽപ്പന നീക്കത്തിനു വേഗം കൂട്ടി. സ്പോർട്സ് ലീഗുകളിൽ പണം മുടക്കുന്നത് വലിയ തോതിൽ നിക്ഷേപം ആവശ്യമുള്ള ഒന്നാണ്. കമ്പനിയുടെ ദീർഘകാല പദ്ധതികൾക്കു ടീമിന്റെ ഉടമസ്ഥാവകാശം ഗുണം ചെയ്യില്ലെന്നും പ്രവീൺ കരുതുന്നു.

ഒട്ടേറെ ഇന്ത്യൻ, യുഎസ് കമ്പനികൾ ടീം വാങ്ങാനായി ഡിയാജിയോ മാനേജ്മെന്റിനെ സമീപിച്ചതായി വിവരമുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനവാല, ജെഎസ്ഡബ്യു ഗ്രൂപ്പിന്റെ പാർഥ് ജിൻഡ‍ാൽ, അദാനി ഗ്രൂപ്പ് എന്നീ പ്രമുഖരാണ് ടീമിനായി രംഗത്തുള്ളത്. ഡൽഹിയിൽ താമസിക്കുന്ന ഒരു പ്രമുഖ വ്യവസായി, രണ്ട് യുഎസ് കമ്പനികളും രംഗത്തുണ്ട്.

2010ൽ പൂനവാല കുടുംബം ഒരു ഐപിഎൽ ടീമിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. പുനെയും കൊച്ചിയും ആസ്ഥാനമായി ടീമുകൾ വന്ന ഘട്ടത്തിലായിരുന്നു ഇത്. എന്നാൽ അന്ന് മറ്റു കമ്പനികൾ ടീമുകളെ സ്വന്തമാക്കി. ‍നിലവിൽ ‍ഡൽഹി ക്യാപിറ്റൽസിന്റെ 50 ശതമാനം ഓഹരികളും സ്വന്തമാക്കിയിട്ടുള്ളത് ജിൻഡാൽ ഗ്രൂപ്പാണ്. ആർസിബിയെ വാങ്ങുന്നുണ്ടെങ്കിൽ ഡൽഹി ടീമിന്റെ ഓഹരികൾ ജിൻഡാൽ ഗ്രൂപ്പ് വിൽക്കേണ്ടി വരും. ഐപിഎൽ ടീമെന്ന സ്വപ്നം കുറച്ചു കാലമായി അദാനിയും കൊണ്ടു നടക്കുന്നുണ്ട്. 2022ൽ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഗുജറാത്ത് ടീമിനെ സ്വന്തമാക്കാൻ അദാനി ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല.

ഭീമൻ തുകയും ടീമിനെതിരെയുള്ള കേസുമെല്ലാം വിൽപ്പനയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്ന കാര്യങ്ങളാണെന്നു വിവരമുണ്ട്. ഒരു ഐപിഎൽ ടീമിനു ഇത്ര മൂല്യമുണ്ടോ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നു. ടീമിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. ഇതും വിൽപ്പനയുടെ സുഗമമായ മുന്നോട്ടു പോക്കിനു തടസമാണ്. വിൽപ്പന സാധ്യമാക്കുന്നതിന്റെ ഭാഗമായി കമ്പനി നിലവിൽ രണ്ട് സ്വകാര്യ ബാങ്കുകളെ ഉപദേശങ്ങൾ നൽകുന്നതിനായി നിയമിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!