കർണാടകയിൽ എല്ലാ വിദ്യാർത്ഥികൾക്കും ഇനി ബസുകളിൽ സൗജന്യ യാത്ര; തീരുമാനം ഡി കെ ശിവകുമാർ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ…

ബെംഗളൂരു: കർണാടകയിൽ എല്ലാ വിദ്യാർത്ഥികൾക്കും ഇനി ബസുകളിൽ സൗജന്യ യാത്ര. ഡി കെ ശിവകുമാർ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ എല്ലാ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.

പുതിയ പദ്ധതിപ്രകാരം വിദ്യാർത്ഥികൾക്ക് ബസ് യാത്രയ്ക്കായി യാതൊരു നിരക്കും ഈടാക്കില്ല. സൗജന്യ ബസ് പാസ് ലഭിക്കാൻ വിദ്യാർത്ഥികൾ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ ഗതാഗത വകുപ്പുമായി ആലോചിച്ച് ഉടൻ പൂർത്തിയാ ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധികാരമേറ്റതിന് പിന്നാലെ പുതിയ സർക്കാരിന്റെ ആദ്യ ജനക്ഷേമ പ്രഖ്യാപനമായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്.

കർണാടകയുടെ 24-ാമത് മുഖ്യമന്ത്രിയായാണ് ഡി.കെ. ശിവകുമാർ ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അദ്ദേഹത്തോടൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. യതീന്ദ്ര സിദ്ധരാമയ്യ, പ്രിയങ്ക് ഖാർഗെ, യു.ടി. ഖാദർ, കെ.ജെ. ജോർജ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ മന്ത്രിസഭയിൽ ഇടം നേടി. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ കൂടുതൽ വിപുലീകരിക്കുമെന്നാണ് സൂചന.

സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!