“തെരുവിലെ പോര് അവസാനിപ്പിക്കണം” സംയുക്ത പ്രസ്താവനയുമായി കെ.സിയും വി.ഡിയും ചെന്നിത്തലയും

ന്യൂഡൽഹി : മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് പടരുന്നതിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തി. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടയിൽ വിവിധ നേതാക്കൾക്കായി അണികൾ തെരുവിലിറങ്ങുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഒന്നിച്ച് അണിനിരന്ന മൂന്ന് നേതാക്കളും പ്രവർത്തകർക്കായി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ആർക്കും വേണ്ടി തെരുവിൽ പ്രകടനങ്ങൾ നടത്തരുത്. ഇത്തരം നടപടികൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്നതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതാക്കൾക്കായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ലക്സുകളും ബോർഡുകളും ഇന്ന് തന്നെ എടുത്തുമാറ്റണം. പാർട്ടിയിൽ കടുത്ത വിഭാഗീയതയുണ്ടെന്ന രീതിയിൽ എതിരാളികൾക്ക് ആയുധം നൽകുന്ന പ്രചരണങ്ങൾക്ക് പ്രവർത്തകർ വഴിമരുന്നിടരുത്. നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ല, എന്നാൽ അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലേക്ക് മാറുന്നത് അംഗീകരിക്കാനാവില്ല.

ജനങ്ങൾക്ക് മുൻപിൽ കോൺഗ്രസിന് മോശമായ ചിത്രം നൽകാൻ നിലവിലെ സംഭവങ്ങൾ കാരണമായിട്ടുണ്ടെന്ന് കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഒരേസ്വരത്തിൽ ഓർമ്മിപ്പിച്ചു. വ്യക്തികളേക്കാൾ പാർട്ടിയാണ് വലുതെന്നും ജനവിധി മാനിക്കണമെന്നും വ്യക്തമാക്കിയ നേതാക്കൾ, തെരുവിലെ പോരുകൾ ഇന്നത്തോടുകൂടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഹൈക്കമാൻഡ് തീരുമാനം വരുന്നത് വരെ എല്ലാവരും അച്ചടക്കം പാലിക്കണമെന്നും ജനാധിപത്യപരമായ ചർച്ചകളെ തെരുവിലെ പോരാട്ടമാക്കി മാറ്റരുതെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!