ട്രാൻസ്ഫോർമർ ഫ്യൂസ് ഊരി വൈദ്യുതി മുടക്കിയ സംഭവം… കോൺഗ്രസുകാരനെന്ന്…

പറവൂർ: അടിക്കടി വൈദ്യുതി തടസ്സപ്പെടുന്നതിനിടെ ട്രാൻസ്ഫോർമറിൽ നിന്ന് ഫ്യൂസ് ഊരി ഒരു പ്രദേശത്തെ വൈദ്യുതി മുടക്കിയെന്ന പരാതിയിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതായി ആരോപണം.

കൈതാരം നോർത്ത് ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരിയ സംഭവത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസമാണ് കൈതാരം നോർത്ത് ട്രാൻസ്ഫോർമറിൽ നിന്ന് രാത്രിയിൽ ഫ്യൂസ് ഊരിയതായി പരാതി ഉയർന്നത്.

കെഎസ്ഇബി ഏഴിക്കര സെക്ഷൻ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഫ്യൂസ് ഊരിയ ആളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

കൈതാരം സ്വദേശിയാണ് ദൃശ്യങ്ങളിലുള്ളതെന്നും പൊലീസ് വ്യക്തമാക്കി. ഫ്യൂസ് ഊരുന്നത് സമീപവാസിയായ ഒരു സ്ത്രീ കണ്ടതായും പൊലീസ് പറയുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി വീട്ടിലെത്തിയെങ്കിലും പിടികൂടാനായില്ലെന്നും വീടിന്റെ പിൻവാതിലിലൂടെ ഇയാൾ കടന്നുകളഞ്ഞെന്നുമാണ് വിവരം. ഇയാൾ കേരളം വിട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്.

പെരുമ്പടന്ന എട്ടിയോടം, ഏഴിക്കര ചാക്കാത്തറ, ആവൂട്ടി മേഖലകളിലെ ട്രാൻസ്ഫോർമറുകളിൽനിന്നും സമാനമായി ഫ്യൂസ് ഊരിയ സംഭവങ്ങൾ നേരത്തെയുണ്ടായതായി റിപ്പോർട്ടുകളുണ്ട്. രാത്രിയിൽ ഫ്യൂസ് ഊരി മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെടുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

അതേസമയം, സിസിടിവി ദൃശ്യങ്ങളിലെ വ്യക്തി കോൺഗ്രസ് പ്രവർത്തകനാണെന്ന് സിപിഎം ഏരിയ സെക്രട്ടറി ടി.വി. നിഥിൻ ആരോപിച്ചു. ഫ്യൂസ് ഊരി വൈദ്യുതി മുടക്കുന്നത് സിപിഎം പ്രവർത്തകരാണെന്ന തരത്തിൽ കോൺഗ്രസ് നേരത്തെ പ്രചാരണം നടത്തിയിരുന്നുവെന്നും, ഇപ്പോൾ പ്രതിസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകനാണെന്ന് വ്യക്തമായതോടെ ഇയാളെ സംരക്ഷിക്കാൻ നീക്കം നടക്കുകയാണെന്നുമാണ് നിഥിന്റെ ആരോപണം.

പ്രതിയെ തിരിച്ചറിഞ്ഞിട്ടും എഫ്ഐആറിൽ പേര് ഉൾപ്പെടുത്താത്തതും അറസ്റ്റ് വൈകുന്നതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!