ദുബായ്: ദുബായിൽനിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റ് ഹമ്മാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ജനവാസ കേന്ദ്രങ്ങളിലോ വിമാനത്താവളത്തിലോ ഇടിച്ചുകയറ്റിയുള്ള വൻ ചാവേർ ആക്രമണമായിരുന്നുവെന്ന് ഞെട്ടിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ.
ടെൽ അവീവിലെ പ്രധാന കെട്ടിടങ്ങളിലോ വിമാനത്താവളത്തിലോ വിമാനം പതിപ്പിച്ച് വൻ ദുരന്തം സൃഷ്ടിക്കാനായിരുന്നു ഇയാളുടെ നീക്കമെന്ന് ഇറ്റാലിയൻ ദിനപത്രമായ ‘കോറിയറെ ഡെല്ല സെറ’ (Corriere della Sera) റിപ്പോർട്ട് ചെയ്തു. ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ ഭീകരപദ്ധതിയുടെ ഭയാനകമായ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
പദ്ധതി പരാജയപ്പെട്ടതോടെ വിമാനത്തിന്റെ എൻജിനുകൾ ഓഫാക്കി മരുഭൂമിയിൽ തകർക്കാനും ഇയാൾ ശ്രമിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കോക്പിറ്റിൽ വെച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് പിന്നിലൂടെയെത്തി ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച് പൂർണ്ണ നിയന്ത്രണം പിടിച്ചെടുക്കാനാണ് ഒമാൻ സ്വദേശിയായ ഹമ്മാമി പദ്ധതിയിട്ടത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്മിത് രക്തത്തിൽ കുളിച്ച അവസ്ഥയിലും തളരാതെ കോക്പിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഹമ്മാമി അത് വീണ്ടും വലിച്ചടയ്ക്കുകയായിരുന്നു. എന്നാൽ സർവ്വ ശക്തിയുമെടുത്ത് സ്മിത് വീണ്ടും എമർജൻസി ലോക്ക് തുറന്നു. ഈ സമയം കോക്പിറ്റിന് പുറത്തെ ശുചിമുറി ഉപയോഗിക്കുകയായിരുന്ന ഒരു വനിതാ യാത്രക്കാരി ഉള്ളിൽനിന്നുള്ള നിലവിളി കളും അസ്വാഭാവിക ശബ്ദങ്ങളും കേട്ട് മറ്റ് യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും വിവരമറിയിക്കുകയായിരുന്നു.
യാത്രക്കാർ വിവരമറിഞ്ഞ് പാഞ്ഞെത്തി വാതിൽ തള്ളിത്തുറന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ക്യാപ്റ്റനെയും അക്രമിയെയുമാണ് കണ്ടത്. വിമാനത്തിന്റെ വാതിൽ തുറക്കപ്പെടുകയും ആളുകൾ പ്രതിരോധിക്കാൻ എത്തുകയും ചെയ്തതോടെ കെട്ടിടങ്ങളിൽ ഇടിച്ചിറക്കാനുള്ള തന്റെ പദ്ധതി തകർന്നതായി ഹമ്മാമി തിരിച്ചറിഞ്ഞു. ഇതോടെ യാത്രക്കാരെ മുഴുവൻ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിമാനം മരുഭൂമിക്ക് മുകളിൽവെച്ച് തകർക്കാനായി ഇയാളുടെ അടുത്ത നീക്കം. ഇതിനായി വിമാനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാനം സ്വിച്ച് ഓഫ് ചെയ്യുകയും എൻജിനുകൾ നിർവീര്യമാക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വെറും 30 സെക്കൻഡിനുള്ളിൽ ആകാശത്ത് നിന്ന് 16,000 അടിയോളം താഴേക്ക് കുത്തനെ പതിച്ചു. പെട്ടെന്നുണ്ടായ ഈ താഴോട്ട് പതിക്കലിൽ യാത്രക്കാർ ഭയന്നുവിറച്ചെങ്കിലും, ഉള്ളിലേക്ക് ഇരച്ചുകയറിയ യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു.
അതേസമയം, ഹമ്മാം അൽ ഹമ്മാമിയെ മുൻപ് വിമാനം പറത്തുന്നതിൽനിന്ന് ഒമാൻ ഭരണകൂടം വിലക്കിയിരുന്നുവെന്ന റിപ്പോർട്ടുകളും അന്താരാഷ്ട്ര തലത്തിൽ പുറത്തുവന്നിട്ടുണ്ട്. തീവ്രവാദ ആശയങ്ങളോടുള്ള ഇയാളുടെ ആഭിമുഖ്യവും മാനസിക വ്യതിയാനങ്ങളും രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു നടപടിയെന്ന് പ്രമുഖ യുഎസ് മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇക്കാര്യത്തിൽ ഒമാൻ സർക്കാർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഏഴ് വർഷത്തോളം ഒമാൻ എയറിൽ സേവനമനുഷ്ഠിച്ചിരുന്ന ഇയാൾ 2025-ലാണ് യുഎഇയിലെത്തി ഫ്ലൈ ദുബായിൽ കോ-പൈലറ്റായി ജോലിയിൽ പ്രവേശിക്കുന്നത്.
ഇത്തരമൊരു പശ്ചാത്തലമുള്ള വ്യക്തി വ്യോമയാന മേഖലയിലെ സുരക്ഷാ പരിശോധനകൾ മറികടന്ന് എങ്ങനെ വിമാനത്തിന്റെ നിയന്ത്രണ ചുമതലയിലെത്തി എന്നത് ഗൗരവമേറിയ സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
