പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ ഋഗ്വേദായന സത്രം

സൗത്ത് പാമ്പാടി: പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രം ഋഗ്വേദായന സത്രത്തിന് ഒരുങ്ങി.

ഋഗ്വേദത്തെ മലയാള കാവ്യരൂപത്തിൽ അവതരിപ്പിക്കുന്ന അമൂല്യ ഗ്രന്ഥമായ ” ഋഗ്വേദായനം” അടിസ്ഥാനമാക്കി അഷ്ടാഹമായാണ് സത്രം നടത്തുന്നത്. ഋഷിമാർ ദർശിച്ച വേദമന്ത്രങ്ങൾ സാധാരണക്കാർക്ക് ആസ്വാദ്യമാകും വിധത്തിലാണ് ‘ഋഗ്വേദായനം’ രചിച്ചിരിക്കുന്നത്. സംഗീത സംവിധായകനും കവിയുമായ പനച്ചിക്കാട് സദാശിവൻ ആണ് ഇത് രചിച്ചിരിക്കുന്നത്.

ഋഗ്വേദായന സത്രം (അഷ്ടാഹം) ഒക്ടോബർ 10 മുതൽ 18 വരെയാണ് ക്ഷേത്രസന്നിധിയിലെ പ്രത്യേക മണ്ഡപത്തിൽ നടക്കുക. ഭാഗവതസത്തമ നീലംപേരൂർ പുരുഷോത്തമദാസ് ആണ് സത്രത്തിൻ്റെ യജ്ഞാചാര്യൻ.

ഒക്ടോബർ 10 ന് ഋഗ്വേദായന സത്ര വിളംബരവും ഗ്രന്ഥ ഘോഷയാത്രയും നടക്കും. രാവിലെ 10 ന് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 6 ന് തിരികെയെത്തും.

തുടർന്ന് 7 മണിക്ക് ഋഗ്വേദായന സത്ര സമാരംഭസഭയും ഗ്രന്ഥ പ്രകാശനവും നടക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഗ്രന്ഥ പ്രകാശനം നിർവ്വഹിക്കും.

അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ, റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി തുടങ്ങിയവർ പങ്കെടുക്കും. ദേവസ്വം പ്രസിഡൻ്റ് കെ എൻ രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. സത്ര മാഹാത്മ്യ പ്രഭാഷണം യജ്ഞാചാര്യൻ ഭാഗവത നീലംപേരൂർ പുരുഷോത്തമദാസ് നടത്തും.

11 ന് (ഞായർ) രാവിലെ സത്രത്തിന് ആരംഭമാകും. വിവിധ ദിവസങ്ങളിലായി വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധുകൃഷ്ണാനന്ദ സരസ്വതി മഹാരാജ്, ഡോ. പി വി വിശ്വനാഥൻ നമ്പൂതിരി, ഡോ. ജയലക്ഷ്മി അമ്മാൾ, ആശാ പ്രദീപ്, പ്രൊഫ. സരിത അയ്യർ, ഡോ. ജെ പ്രമീളാദേവി, ആർ. പ്രസന്നകുമാർ കടമ്മനിട്ട, സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദ പരമഹംസർ എന്നിവർ സത്രവേദിയിൽ പ്രഭാഷണം നടത്തും.

18 ന് രാവിലെ 10 ന് സപ്ത ഋഷീശ്വര പൂജ, ഗുരുവന്ദനം എന്നിവ നടക്കും. വൈകുന്നേരം 7 ന് പൂജവയ്പ്. 21 വരെ നവരാത്രി ആഘോഷം വിശേഷാൽ പൂജകളും ചടങ്ങുകളും. സത്രത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികളും കലാമണ്ഡപത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!