മഴക്കാല രോഗമല്ല; ഡെങ്കിപ്പനി കേരളത്തിൽ വർഷം മുഴുവൻ ഭീഷണിയാകുന്നു…

തിരുവനന്തപുരം: മുൻപ് കാലവർഷ സമയത്ത് മാത്രം പടർന്നുപിടിച്ചിരുന്ന ഡെങ്കിപ്പനി കേരളത്തിൽ എല്ലാ കാലത്തും ഭീതിവിതയ്ക്കുന്ന സ്ഥിരം രോഗാവസ്ഥയിലേക്ക് മാറുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ഈ വർഷം സെപ്റ്റംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 11,281 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായും 42 പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചു.

കഴിഞ്ഞ വർഷം 2025-ൽ ആകെ രേഖപ്പെടുത്തിയ 10,886 കേസുകളെയും 56 മരണങ്ങളെയുമാണ് ഒൻപത് മാസം പൂർത്തിയാകുന്നതിന് മുൻപേ ഇത്തവണ മറികടന്നത്. ഋതുഭേദമില്ലാതെ രോഗം പടരുന്നത് സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും പരിസര ശുചിത്വത്തിലെ അപാകതകളും വൈറസിന്റെ വ്യാപനത്തിന് വളമാകുന്നുവെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

സാധാരണയായി പകർച്ചപ്പനികൾ ഗണ്യമായി കുറയുന്ന മാസമായ ജനുവരിയിൽപ്പോലും സംസ്ഥാനത്ത് 378 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുകയും നാലുപേർ മരണപ്പെടുകയും ചെയ്തിരുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം താരതമ്യേന ദുർബലമായി നിന്ന സെപ്റ്റംബറിലെ ആദ്യത്തെ 24 ദിവസത്തിനിടെ മാത്രം 1,330 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഈ വർഷം രോഗവ്യാപനം ഏറ്റവും രൂക്ഷമായത് ജൂൺ മാസത്തിലായിരു ന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജൂണിൽ മാത്രം 1,802 പേർക്ക് രോഗം ബാധിക്കുകയും 15 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. മഴയുടെ സാന്നിധ്യമില്ലാത്ത വരണ്ട ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുന്നില്ലെന്നത് അതീവ ഗൗരവകരമാണ്. ഡെങ്കി വൈറസിന്റെ പ്രധാനപ്പെട്ട നാല് വകഭേദങ്ങളും (ഡെൻവ്-1, ഡെൻവ്-2, ഡെൻവ്-3, ഡെൻവ്-4) സംസ്ഥാനത്ത് നിലവിൽ സജീവമായി നിലനിൽക്കുന്നുണ്ടെന്ന് ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐ.ഡി.എസ്.പി.) രേഖകൾ വ്യക്തമാക്കുന്നു.

ഒരു പ്രത്യേക വകഭേദം വഴി മുൻപ് രോഗബാധിതനായ വ്യക്തിക്ക് പിന്നീട് മറ്റൊരു വകഭേദം ബാധിച്ചാൽ അത് ഡെങ്കി ഹെമറേജിക് പനി പോലെയുള്ള അതിഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. രണ്ടാമതുണ്ടാകുന്ന അണുബാധ രോഗിയുടെ ആന്തരിക രക്തസ്രാവത്തിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് അപകടകരമാംവിധം താഴുന്നതിനും വഴിവെക്കും. ഇത്തരത്തിലുള്ള സങ്കീർണ്ണതകളാണ് മരണസംഖ്യ ഉയരുന്നതിന് പ്രധാന കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്.

അതിനാൽ ഒരിക്കൽ രോഗം ബാധിച്ചവരും പ്രതിരോധത്തിൽ ഒട്ടും അയവ് വരുത്തരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.സംസ്ഥാനത്തെ മുൻവർഷങ്ങളിലെ ഡെങ്കിപ്പനി ബാധ പരിശോധിച്ചാൽ ക്രമാതീതമായ വ്യതിയാനങ്ങളാണ് ദൃശ്യമാകുന്നത്. 2022-ൽ സംസ്ഥാനത്താകെ 4,432 കേസുകളും 29 മരണങ്ങളുമാണ് ഉണ്ടായതെങ്കിൽ, 2023-ൽ രോഗികളുടെ എണ്ണം 17,426 ആയും മരണം 153 ആയും കുതിച്ചുയർന്നു. 2024-ൽ രോഗബാധ സർവ്വകാല റെക്കോർഡിലെത്തി 20,674 പേർക്ക് ബാധിക്കുകയും 128 പേർ മരിക്കുകയും ചെയ്തു.

എന്നാൽ 2025-ൽ മുൻവർഷത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം പകുതിയോളം താഴ്ന്നിരുന്നുവെങ്കിലും ഈ വർഷം വീണ്ടും ക്രമാതീതമായി ഉയരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൃത്യസമയത്ത് ഏകോപിപ്പിക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ചകൾ കണക്കുകൾ ഉയരാൻ കാരണമാകുന്നുണ്ട്.

പകൽസമയത്ത് കടിക്കുന്ന ഈഡിസ് ഈജിപ്റ്റി കൊതുകുകളുടെ അനിയന്ത്രിതമായ പ്രജനനമാണ് സംസ്ഥാനത്ത് രോഗം ഇത്രയധികം വ്യാപിക്കാൻ പ്രധാന കാരണമാകുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ 2025-ൽ നടത്തിയ സമഗ്രമായ എൻടമോളജിക്കൽ സർവേയിൽ കൊതുകുതാവളങ്ങളിൽ 78 ശതമാനവും മനുഷ്യനിർമ്മിതമായ ഉറവിടങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ, ഉപയോഗശൂന്യമായ ചിരട്ടകൾ, ടയറുകൾ എന്നിവയ്ക്കൊപ്പം മഴയില്ലാത്ത കാലങ്ങളിൽ വീടുകളിൽ മൂടിവെക്കാത്ത ജലസംഭരണികളും കൊതുകുകളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളായി മാറുന്നു.

മഴ പെയ്യാത്ത ദിവസങ്ങളിലും വീടുകളിലും നിർമ്മാണ സ്ഥലങ്ങളിലും സംഭരിക്കുന്ന ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകൾ വൻതോതിൽ മുട്ടയിട്ട് പെരുകുന്നത്. ഇത് രോഗനിയന്ത്രണത്തിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.വീടുകളിലെയും സ്ഥാപനങ്ങളിലെയും ഫ്രിഡ്ജിന്റെ ട്രേകൾ, ചെടിച്ചട്ടികൾ, എയർ കൂളറുകൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന ശുദ്ധജലം കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.

കൊതുക് നശീകരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് ഡ്രൈ ഡേ ആചരണവും ഫോഗിംഗും കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. പനിയോടൊപ്പം ശരീരവേദന, കണ്ണിന് പിന്നിൽ വേദന, ത്വക്കിൽ ചുവന്ന പാടുകൾ എന്നിവ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടനടി വിദഗ്ദ്ധ വൈദ്യസഹായം തേടണം. ആശുപത്രികളിൽ ഡെങ്കി പരിശോധനാ കിറ്റുകളും മരുന്നുകളും സുലഭമായി ലഭ്യമാക്കാൻ സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സജീവമായ ശുചിത്വ പങ്കാളിത്തമില്ലാതെ കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി ഒരു സാധാരണ സീസണൽ രോഗമെന്ന അവസ്ഥയിൽ നിന്ന് മാറി വർഷം മുഴുവൻ ഭീഷണിയാകുന്ന എൻഡമിക് (Endemic) സ്വഭാവത്തിലേക്ക് മാറുന്നത് ആശങ്കാജനകമാണ്. നഗരവൽക്കരണവും തോട്ടം മേഖലകളിലെ അശ്രദ്ധയും രോഗവാഹകരായ കൊതുകുകൾക്ക് അനുയോജ്യമായ സാഹചര്യമാണ് ഒരുക്കുന്നത്. സ്കൂളുകൾ, പൊതു ഓഫീസുകൾ, ആശുപത്രി പരിസരങ്ങൾ എന്നിവിടങ്ങളിൽ കൊതുക് നിർമ്മാർജ്ജന പരിശോധനകൾ കർശനമാക്കാൻ ചീഫ് സെക്രട്ടറി തലത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ താഴെത്തട്ടിലേക്ക് എത്തിക്കാൻ ആശാ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടും. കാലാവസ്ഥ മാറിയാലും വ്യക്തിഗത ശുചിത്വത്തിലും പരിസര സംരക്ഷണത്തിലും ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!