ജയിച്ചപ്പോൾ നന്ദി പോലും പറഞ്ഞില്ല… കോൺഗ്രസിനെ തള്ളി എം.കെ സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് തോൽവിക്കും തുടർന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും പിന്നാലെയാണ് സ്റ്റാലിൻ വൈകാരികമായ പ്രതികരണവുമായി രംഗത്തെത്തിയത്. ഡിഎംകെ നയിക്കുന്ന സഖ്യത്തിൽ വിള്ളലുണ്ടായെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് സ്റ്റാലിന്റെ വാക്കുകൾ.

സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് ജയിച്ച കോൺഗ്രസ് എംഎൽഎമാർ വിജയിച്ച ശേഷം നന്ദി പറയാൻ പോലും വന്നില്ല. അന്നേ ദിവസം തന്നെ അവർ ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചു മുന്നോട്ട് പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കമ്മ്യൂണിസ്റ്റ് നേതാക്കളായ സഖാവ് ഷൺമുഖം, സഖാവ് വീരപാണ്ഡ്യൻ, വിസികെ നേതാവ് തിരുമാവളവൻ എന്നിവർ കാണിച്ച സൗഹൃദബോധത്തെ അദ്ദേഹം പ്രശംസിച്ചു. അവർ ഡിഎംകെയോടുള്ള വിശ്വാസം കാത്തുസൂക്ഷിച്ചുവെന്നും സ്റ്റാലിൻ പറഞ്ഞു. മതേതര പുരോഗമന സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഗണ്യമായ വോട്ടുകൾ നേടാൻ സാധിച്ചു. പുതിയ സർക്കാർ രൂപീകരിക്കുന്നതിനെ ഡിഎംകെ തടസ്സപ്പെടുത്തില്ലെന്നും ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, വിജയ്‌യുടെ പാർട്ടിയായ ടിവികെയ്ക്ക് (TVK) പിന്തുണ നൽകാനുള്ള ഇടത് പാർട്ടികളുടെ തീരുമാനത്തെ സ്റ്റാലിൻ സ്വാഗതം ചെയ്തു. മറ്റൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സ്ഥിരതയുള്ള ഒരു സർക്കാർ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്നും, സഖ്യകക്ഷികൾ നയപരമായ അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനങ്ങളെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!