മുംബൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ഫാസ്റ്റ് ബൗളർ മുകേഷ് ചൗധരിയുടെ മാതാവ് അന്തരിച്ചു. താരത്തിന്റെ അമ്മ പ്രേം ദേവി ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ മാതാവിന്റെ അന്ത്യ കർമ്മങ്ങൾക്കായി മുകേഷ് ചൗധരി ടീം ക്യാംപ് വിട്ടു.
ഒരു വർഷത്തിലേറെയായി വിവിധ ആരോഗ്യ പ്രശ്നങ്ങൾ പ്രേം ദേവിക്ക് ഉണ്ടായിരുന്നു. ഈ സമയത്തെല്ലാം കുടുംബത്തോടൊപ്പമായിരുന്നു മുകേഷ് ചൗധരിയും. മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
”മുകേഷ് ചൗധരിയുടെ അമ്മയുടെ വിയോഗത്തിൽ സിഎസ്‌കെ കുടുംബം അനുശോചിക്കുന്നു. ഞങ്ങൾ മുകേഷിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു” എന്ന് ചെന്നൈ സൂപ്പർ കിങ്സ് മാനേജ്‍മെന്റ് അറിയിച്ചു.
ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിൽ മുകേഷ് ചൗധരി കളിക്കില്ലെന്ന് ഉറപ്പായി. ഈ സീസണിൽ മികച്ച രീതിയിൽ പന്തെറിയുന്ന മുകേഷിൻറെ അഭാവം ടീമിന് വലിയ തിരിച്ചടിയാകും.
ചെന്നൈ പേസര്‍ ഖലീല്‍ അഹമ്മദ് പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് മുകേഷ് ചൗധരി ടീമിലിടം പിടിച്ചത്. ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ നിർണായകമായ രണ്ട് വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.
