ഐടി കമ്പനികൾക്ക് മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : കർണാടകയിലെ ഐടി കമ്പനികളിൽ കന്നഡ സംസാരിക്കുന്ന ഉദ്യോഗാർഥികൾക്ക് തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്നുവെന്ന പരാതികളിൽ കർശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

കന്നഡിഗരെ ബോധപൂർവം ഒഴിവാക്കുന്നതായി കണ്ടെത്തിയാൽ സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിലെ ചില ഐടി കമ്പനികൾ കന്നഡ മാതൃഭാഷയായുള്ള ഉദ്യോഗാർഥികളെ ജോലിക്കെടുക്കുന്നതിൽനിന്ന് ഒഴിവാക്കുന്നുവെന്ന ആരോപണവുമായി ഒരു യുവതി പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് ശിവകുമാറിന്റെ പ്രതികരണം.

കർണാടകയിൽ കന്നഡിഗരുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും തൊഴിലവസരങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് അദ്ദേഹം എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി. പ്രാദേശിക ഭാഷ സംസാരിക്കുന്നവരെ അവഗണിക്കുന്നുവെന്ന പരാതികൾ ആശങ്കാജനകമാണെന്നും സർക്കാർ വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റെസ്യൂമെയിൽ മാതൃഭാഷ കന്നഡയാണെന്ന് രേഖപ്പെടുത്തുന്ന ഉദ്യോഗാർഥികളെ ചില സ്ഥാപനങ്ങൾ നിരസിക്കുകയും മറ്റ് ഭാഷകൾ സംസാരിക്കുന്നവർക്ക് മുൻഗണന നൽകുകയും ചെയ്യുന്നുവെന്നാണ് യുവതിയുടെ വീഡിയോയിലെ ആരോപണം.

എന്നാൽ, ഈ ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളല്ല. സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങളിൽ കന്നഡിഗർക്ക് സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കർണാടകയിൽ തുടരുന്നതിനിടെയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്. ഈ ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമെന്ന നിലയിൽ ബെംഗളൂരുവിന് ആഗോളതലത്തിൽ ശ്രദ്ധയുണ്ടെന്നും കന്നഡക്കാരുടെ കഴിവുകളിൽ അഭിമാനിക്കുന്നുവെന്നും ശിവകുമാർ പറഞ്ഞു. കന്നഡിഗരെ മനഃപൂർവം തൊഴിൽ അവസരങ്ങളിൽനിന്ന് മാറ്റിനിർത്തുന്നതായി കണ്ടെത്തിയാൽ സർക്കാർ ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!