1 സിക്‌സും 1 ഫോറും തൂക്കി വൈഭവ് മടങ്ങി; വീണ്ടും നിരാശ…

ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിലും ഫോമില്‍ എത്താന്‍ സാധിക്കാതെ വൈഭവ് സൂര്യവംശി. ഒരു ഫോറും സിക്‌സും അടിച്ച് ടോപ് ഗിയറിലേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെ താരം വീണു. 10 പന്തില്‍ 15 റണ്‍സാണ് ഇത്തവണ വൈഭവ് സ്വന്തമാക്കിയത്. ഇന്ത്യന്‍ സ്‌കോര്‍ 23ല്‍ നില്‍ക്കെയാണ് വൈഭവ് പുറത്തായത്.

ടോസ് വിജയിച്ച് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും രണ്ട് വീതം മാറ്റങ്ങളാണ് വരുത്തിയത്. വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ പരിക്കേറ്റ് പുറത്തായി. പകരം പ്രസിദ്ധ് കൃഷ്ണയും വാഷിങ്ടന്‍ സുന്ദറും ടീമിലെത്തി. ഇംഗ്ലണ്ട് രെഹാന്‍ അഹമദ്, ലിയാം ഡോവ്‌സന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.

അതേസമയം നാലാം ടി20യില്‍ പ്ലെയിങ് ഇലവനില്‍ എത്തുമെന്നു പ്രതീക്ഷിക്കപ്പെട്ട സഞ്ജു സാംസണ് ഇത്തവണയും അവസരം കിട്ടിയില്ല. വൈഭവ് സൂര്യവംശിയെ തന്നെ ഇന്ത്യ ഇറക്കാന്‍ തീരുമാനിച്ചു.

രണ്ടും മൂന്നും മത്സരങ്ങളില്‍ സഞ്ജുവിനെ പുറത്തിരുത്തിയാണ് 15കാരന്‍ വൈഭവ് സൂര്യവംശിയെ ഇന്ത്യ ഓപ്പണറായി പരീക്ഷിച്ചത്. എന്നാല്‍ 14, 13 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ രണ്ട് ഇന്നിങ്സുകളില്‍ നിന്നുള്ള സംഭാവന. നാലാം പോരാട്ടത്തില്‍ 15 റണ്‍സിലും മടങ്ങി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ സാം കറനു ക്യാച്ച് നല്‍കിയാണ് വൈഭവിന്റെ മടക്കം. വൈഭവിനു പിന്നാലെ ഇന്ത്യക്ക് ഇഷാൻ കിഷനേയും നഷ്ടമായി. താരം 4 റൺസുമായി മടങ്ങി. ജോഷ് ടോംഗിനാണ് വിക്കറ്റ്.

മൂന്നാം ടി20യില്‍ ബാറ്റിങ് നിര അപ്പാടെ തകര്‍ന്നതോടെ 76 റണ്‍സിന് ടീം ഓള്‍ഔട്ടായിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജു തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ 0-2ന് ഇന്ത്യന്‍ യുവനിരയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്. നോട്ടിങ്ഹാമില്‍ നടന്ന മൂന്നാം മത്സരത്തില്‍ നേരിട്ട കനത്ത ബാറ്റിങ് തകര്‍ച്ചയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.

മൂന്നാം ടി20യില്‍ 125 റണ്‍സിന്റെ റെക്കോര്‍ഡ് തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടി20 ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയായിരുന്നു ഇത്. വിദേശത്തെ കഠിനമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതും മോശം ഷോട്ട് സെലക്ഷനുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ടീം മാറ്റത്തിന്റെ ഘട്ടത്തിലാണെന്നും ഇന്നത്തെ മത്സരത്തില്‍ പ്ലേയിങ് ഇലവന്‍ മാറിയേക്കാമെന്നും കഴിഞ്ഞ ദിവസം പരിശീലകന്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ കളി മഴയെടുത്തപ്പോള്‍, രണ്ടും മൂന്നും മത്സരങ്ങളില്‍ ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!