ദുബൈ: പാകിസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയതിന്റെ ആത്മവിശ്വാസത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പ്രഹരം. ഏഷ്യാ കപ്പില്‍ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് പുറത്തായത്. ആറു പന്തില്‍ അഞ്ചു റണ്‍സ് എടുത്ത് നില്‍ക്കുമ്പോള്‍ ഫഹീം അഷ്‌റഫിന്റെ പന്തിലാണ് അഭിഷേക് ശര്‍മ പുറത്തായത്. സൂര്യകുമാര്‍ യാദവിന് ഒരു റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
പാകിസ്ഥാന്‍ 146 റണ്‍സിന് പുറത്ത്
ഫൈനലില്‍ ഓപ്പണര്‍മാര്‍ മിന്നുന്ന തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പാക് ഓപ്പണര്‍മാരുടെ ബാറ്റിങ്ങിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ സ്പിന്നര്‍മാര്‍ എത്തിയതോടെ കളി മാറി. എട്ടു വിക്കറ്റുകളാണ് കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും അക്ഷര്‍ പട്ടേലും അടങ്ങുന്ന സ്പിന്‍ ത്രയം കൊയ്തത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എന്ന നിലയില്‍ നിന്ന് 33 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ചീട്ടുകൊട്ടാരം പോലെ പാകിസ്ഥാന്‍ തകര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കുല്‍ദീപ് യാദവാണ് കൂടുതല്‍ വിനാശകാരിയായത്. പാകിസ്ഥാന്റെ നാലുവിക്കറ്റുകളാണ് കൊയ്തത്. വരുണ്‍ ചക്രവര്‍ത്തിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 147 റണ്‍സ് ആണ് വിജയലക്ഷ്യം. 19.1 ഓവറില്‍ 146 റണ്‍സിനാണ് പാകിസ്ഥാന്‍ പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയച്ച പാകിസ്ഥാന്റെ തുടക്കം ഗംഭീരമായിരുന്നു. ഒന്നാം വിക്കറ്റില്‍ സാഹിബ്സാദയും ഫഖര്‍ സമാനും ചേര്‍ന്ന് 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സായിരുന്നു പാകിസ്ഥാന്റെ സമ്പാദ്യം. അര്‍ധസെഞ്ചറി തികച്ച ഓപ്പണര്‍ സാഹിബ്സാദാ ഫര്‍ഹാന്‍ ആണ് കൂടുതല്‍ ആക്രമണകാരിയായത്. 38 പന്തില്‍ 57 റണ്‍സെടുത്ത ഫര്‍ഹാനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയതാണ് കളിയില്‍ നിര്‍ണായകമായത്. മൂന്നു സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു ഫര്‍ഹാന്റെ ഇന്നിങ്‌സ്. ഫര്‍ഹാന്‍ തന്നെയാണ് ടോപ് സ്‌കോറര്‍. പിന്നീട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കളി തിരിച്ചുപിടിക്കുന്നതാണ് കണ്ടത്. ഫര്‍ഹാന് പിന്നാലെ വിക്കറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
കുല്‍ദീപ് യാദവ് 4 വിക്കറ്റ് എടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര എത്തിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.10-ാം ഓവറില്‍ ഫര്‍ഹാനെ പുറത്താക്കി, വരുണ്‍ ചക്രവര്‍ത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പാകിസ്ഥാന് ആദ്യപ്രഹരം.പിന്നീട് ക്രീസിലെത്തിയത് ടൂര്‍ണമെന്റില്‍ നാല് തവണ സംപൂജ്യനായി പുറത്തായ സയിം അയൂബ്. ഇക്കുറി രണ്ടു ഫോറടക്കം 10 റണ്‍സായിരുന്നു അയൂബിന്റെ സമ്പാദ്യം. 13-ാം ഓവറില്‍ കുല്‍ദീപ് യാദവാണ് അയൂബിനെ പുറത്താക്കിയത്. അപ്പോള്‍ പാക്കിസ്ഥാന്‍ സ്‌കോര്‍ 113/2. ഈ നിലയില്‍നിന്നാണ് 146 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടായത്. 20 റണ്‍സു കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് ഏഴു വിക്കറ്റുകള്‍ നഷ്ടമായത്.
ഹര്‍ദിക്കിന്റെ അഭാവത്തില്‍ ശിവം ദുബെയാണ് ഇന്ത്യയുടെ ബൗളിങ് ഓപ്പണ്‍ ചെയ്തത്. ഫൈനലില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങ് പ്ലേയിങ് ഇലവനിലെത്തി.
