കേരളം ചുട്ടുപൊള്ളുന്നു…. 10 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം… ’55 ഡിഗ്രി’ പ്രചാരണം വ്യാജമെന്ന് അധികൃതർ

തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്നു. പാലക്കാട്, പുനലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്താണ് രേഖപ്പെടുത്തുന്നത്.

അതേസമയം, സംസ്ഥാനത്ത് താപനില 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

വെള്ളിയാഴ്ച പാലക്കാട് 40.1 ഡിഗ്രി സെൽഷ്യസും പുനലൂരിൽ 39.8 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. കണ്ണൂർ, കോട്ടയം ജില്ലകളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മാർച്ച് ഒന്നു മുതൽ ലഭിക്കേണ്ട വേനൽമഴയിൽ 22 ശതമാനത്തോളം കുറവുണ്ടായതാണ് ചൂട് വർദ്ധിക്കാൻ പ്രധാന കാരണം.

ആകാശം മേഘാവൃതമല്ലാത്തതിനാൽ സൂര്യരശ്മികൾ നേരിട്ട് പതിക്കുന്നതും താപനില ഉയർത്തുന്നു. 45 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നും മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുമെന്നുമുള്ള പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ 45 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയില്ല. ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!