വെജ്’ അടുക്കളയിൽ മാത്രം; മാംസാഹാരം വിലക്കിയിട്ടില്ല; വിശദീകരണവുമായി ലോക്ഭവൻ

തിരുവനന്തപുരം : ഗവർണറുടെ ഔദ്യോഗിക വസതിയിൽ മാംസാഹാരം വിലക്കിയെന്ന വാർത്ത നിഷേധിച്ച് ലോക്ഭവൻ. വിലക്ക് എർപ്പെടുത്തിയത് ഗവർണർക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിൽ മാത്രമാണെന്നും ജീവനക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും ലോക്ഭവൻ വ്യക്തമാക്കി.

ഗവർണർ ഓം പ്രകാശ് മാഥൂർ ശുദ്ധ വെജിറ്റേറിയൻ ആണ്. ആ സാഹചര്യത്തിൽ ഇനി മുതൽ ലോക്ഭവൻ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നായിരുന്നു നിർദേശം. സമ്പൂർണമായി മാംസാഹാരം വിലക്കിയെന്ന തരത്തിലുള്ള വാർത്ത തെറ്റാണെന്നും ലോക്ഭവൻ അറിയിച്ചു.

ലോക്ഭവന്റെ അടുക്കളയിൽനിന്നു ഗവർണർക്കും കുറച്ച് പഴ്സനൽ സ്റ്റാഫുകൾക്കും മാത്രമാണു ഭക്ഷണം നൽകുന്നത്. ബാക്കി ജീവനക്കാർ മുഴുവൻ വീടുകളിൽനിന്നു ഭക്ഷണം കൊണ്ടുവരികയോ പുറത്തുപോയി ഭക്ഷണം കഴിക്കുകയോ ആണ് ചെയ്യുന്നത്. അവർക്ക് ഭക്ഷണത്തിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി.

ലോക്ഭവന്റെ അടുക്കളയിൽ മാംസാഹാരം പാകം ചെയ്യരുതെന്ന കേരള ഗവർണർ ഓംപ്രകാശ് മാഥൂറിന്റെ നിർദേശം വിവാദമയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പടെ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!