കോട്ടയം ജില്ലയിൽ യുഡിഎഫിലും എൽഡിഎഫിലും സിറ്റിംഗ് എംഎൽഎമാർ മത്സരരംഗത്ത് തുടരും…

കോട്ടയം : യുഡിഎഫിലും എൽഡിഎഫിലും സിറ്റിംഗ് എംഎൽഎമാർ മത്സരരംഗത്ത് തുടരും. യുഡിഎഫില് തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലും മാണി സി. കാപ്പൻ പാലായിലും മോൻസ് ജോസഫ് കടുത്തുരുത്തിയിലും വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ സ്വതന്ത്ര ചിഹ്നത്തിൽ (ട്രാക്ടർ) മത്സരിച്ച മാണി സി. കാപ്പൻ ഇത്തവണ കേരള ഡെമോക്രാറ്റിക് പാർട്ടിക്ക് അനുവദിച്ച ചിഹ്നത്തിൽ (ടെലിവിഷൻ) മത്സരിക്കും.

2021ൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി സിപിഎമ്മിലെ ജെയ്ക് സി. തോമസിനെ 9044 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2023 ലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക് സി. തോമസിനെ 37,719 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
2021ൽ കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന് സിപിഎമ്മിലെ കെ. അനിൽകുമാറിനെക്കാൾ 18,743 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ആ തെരഞ്ഞെടുപ്പിൽ കടുത്തുത്തുരുത്തിയിൽ മോൻസ് ജോസഫിന് കേരള കോൺഗ്രസ്-എമ്മിലെ സ്റ്റീഫൻ ജോർജിനെക്കാൾ 4256 വോട്ടുകളുടെ മേൽക്കൈ ലഭിച്ചു. പാലായിൽ മാണി സി. കാപ്പൻ കേരള കോണ്ഗ്രസ്-എമ്മിലെ ജോസ് കെ. മാണിയെ 15,378 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.

കേരള കോൺഗ്രസ്-ജോസഫ് 2021ൽ മത്സരിച്ച ഏറ്റുമാനൂർ, ചങ്ങനാശേരി മണ്ഡലങ്ങളിൽ കോൺഗ്രസ് ഇത്തവണ വില പേശുന്നതും വെച്ചുമാറ്റ സാധ്യതയുമൊക്കെ അണിയറ ചർച്ചയിലുണ്ട്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലൊന്നിലാണ് വച്ചുമാറ്റ സാധ്യത. എന്നാൽ ഏറ്റുമാനൂരിലും ചങ്ങനാശേരിയിലും വിട്ടുവീഴ്ചയില്ലെന്നാണ് ജോസഫിന്റെ നിലപാട്. കോൺഗ്രസിൽ പുതുപ്പള്ളിയും കോട്ടയവും ഒഴികെ വിവിധ മണ്ഡലങ്ങളിലേക്ക് ഇരുപതോളം പേരുകളാണ് സ്ഥാനാർഥി സാധ്യതയിൽ ഇടം പിടിച്ചിക്കുന്നത്.

നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ്, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, ജി.ഗോപകുമാർ, ടോമി കല്ലാനി, ജോസഫ് വാഴയ്ക്കൻ, അഡ്വ. സിബി ചേനപ്പാടി, ജിജി അഞ്ചാനി, റോണി കെ ബേബി, പി.ആർ. സോന തുടങ്ങി ഇരുപതോളം പേരുകളാണ് കോൺഗ്രസിൽ ഉയരുന്നത്.

തർക്കമില്ലാത്ത സീറ്റുകളിൽ കോൺഗ്രസിന്റെ ഒന്നാം സ്ഥാനാർഥി ലിസ്റ്റ് രണ്ടു ദിവസത്തിനുള്ളിൽ പുറത്തുവരും. ഇതിനൊപ്പം ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ചകൾക്കും തുടക്കമാകും. കോൺഗ്രസും കേരള കോൺഗ്രസും കേരള ഡെമോക്രാറ്റിക് പാർട്ടിയുമാണ് ജില്ലയിൽ യുഡിഎഫിൽ മത്സരിക്കുക. മുസ്ലിം ലീഗ് പൂഞ്ഞാർ സീറ്റിൽ താത്പര്യം അറിച്ചിട്ടുണ്ടെങ്കിലും കിട്ടാൻ സാധ്യതയില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!