രാത്രിയിൽ ലൈറ്റ് പോലും ഇടാനാവില്ല… ഇരമ്പിയെത്തും… വീടൊഴിയാൻ തുടങ്ങിയതോടെ…

രാജകുമാരി : പരുന്ത് പറന്നാലും കാറ്റു വീശിയാലും ആശങ്കയുടെ നെരിപ്പോടുമായി കഴിഞ്ഞിരുന്ന രാജകുമാരി എസ്റ്റേറ്റ് കോളനിയിലുള്ളവർക്ക് ആശ്വാസം. കജനാപാറക്ക് സമീപത്തെ കോളനിക്ക് സമീപത്തെ വൻമരത്തിലുള്ള 40 ഓളം പെരുന്തേനീച്ച കൂടുകളൊഴിവാക്കാൻ രാജകുമാരി പഞ്ചായത്ത് മുൻകൈയെടുത്ത് നടപടി സ്വീകരിച്ചു.

പെരുന്തേനീച്ചകളെ തുരത്തി തേനെടുത്ത ശേഷം മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ മന്നാൻ വിഭാഗത്തിൽപ്പെട്ട സംഘം സ്ഥലത്തെത്തി. ഇതിനു മുന്നോടിയായി കോളനിയിലെ 40 ഓളം കുടുംബങ്ങളെ രാജകുമാരി കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ഉദ്യമം അവസാനിക്കുന്നത് വരെ 40 കുടുംബങ്ങളിലുള്ള അറുപതോളം അംഗങ്ങൾ കമ്മ്യൂണിറ്റി ഹാളിൽ താമസിപ്പിക്കാൻ ആണ് തീരുമാനമെന്ന രാജകുമാരി പഞ്ചായത്ത് പ്രസിഡൻറ് സുമ ബിജു പറഞ്ഞു. വനം വകുപ്പിൻ്റെയും അഗ്നിശമനസേനയുടെയും സഹകരണത്തോടെയാണ് തേനീച്ചകളെ തുരത്തി അപകട ഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിച്ചത്.

തേനീച്ച ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒന്നര പതിറ്റാണ്ടോളമായി വിവിധ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയിരുന്നെങ്കിലും പ്രശ്നത്തിന് ഇപ്പോഴാണ് പരിഹാരം ഉണ്ടാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!