കെഎസ്ആർടിസി ബസുകൾക്ക് മൈലേജ് കുറഞ്ഞു; പിന്നാലെ സ്ഥാപിച്ച രഹസ്യ ക്യാമറകൾ കാര്യം കണ്ടെത്തി…

ആലപ്പുഴ : കെഎസ്ആർടിസി ബസുകൾക്ക് മൈലേജ് കുറഞ്ഞു, പിന്നാലെ സ്ഥാപിച്ച രഹസ്യ ക്യാമറകൾ കാര്യം കണ്ടെത്തി. ചേർത്തല ഡിപ്പോയിൽനിന്ന് ബസുകളിലെ ഡീസൽ ചോർത്തി വിറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു.

മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന നാല് ജീവനക്കാർക്കെതിരെ ഡിപ്പോ അധികൃതർ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. വ്യാഴാഴ്ച അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ചേർത്തല പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയതിനെത്തു ടർന്ന് പൊലീസ് സംഘം ഡിപ്പോയിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കോർപറേഷൻ തലത്തിൽ പ്രത്യേക അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ഡിപ്പോയിൽ സർവീസ് നടത്തുന്ന ബസുകൾക്ക് പതിവില്ലാത്തവിധം മൈലേജ് കുറയുന്നതും ഡീസൽ അടിക്കുന്നതിന് ആനുപാതികമായി ഓടാത്തതും അധികൃതരെ സംശയത്തിലേക്ക് നയിച്ചു. തുടർന്ന് രഹസ്യനിരീക്ഷണം ശക്തമാക്കിയതോ ടെയാണ് മോഷണം പുറത്തായത്.

എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥൻ ഡിപ്പോ പരിസരത്ത് അഞ്ച് പെൻ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിലൂടെ നടത്തിയ നിരീക്ഷണത്തിലാണ് സർവീസ് കഴിഞ്ഞ് പാർക്ക് ചെയ്യുന്ന ബസുകളിൽനിന്ന് ഡീസൽ മോഷ്ടിക്കുന്ന സംഘം കുടുങ്ങിയത്.

സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് കെഎസ്ആർടിസി ഉന്നതാധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!